ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണത്തില്‍ ഇളവുകളുമായി ഗതാഗത വകുപ്പ്; പ്രതിദിന ലൈസന്‍സുകളുടെ എണ്ണം 40 ആയി ഉയര്‍ത്തും
ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണത്തില്‍ ഇളവുകളുമായി ഗതാഗത വകുപ്പ്. പ്രതിദിന ലൈസന്‍സുകളുടെ എണ്ണം 40 ആയി ഉയര്‍ത്തും. വാഹനങ്ങളില്‍ ക്യാമറകള്‍ സ്ഥാപിക്കാന്‍ മൂന്ന് മാസം സമയം അനുവദിക്കും. 15 വര്‍ഷം പഴക്കമുള്ള വാഹനങ്ങള്‍ മാറ്റാനും സാവകാശം നല്‍കും. പുതിയ സര്‍ക്കുലര്‍ നാളെ പുറത്തിറക്കുമെന്നാണ് വിവരം.
ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണത്തിനെതിരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഡ്രൈവിംഗ് സ്‌കൂളുകള്‍ പ്രതിഷേധമുയര്‍ത്തുന്ന പശ്ചാത്തലത്തിലാണ് ഗതാഗതവകുപ്പ് ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. സിഐടിയു ഉള്‍പ്പെടെ പ്രതിഷേധമുയര്‍ത്തിയ പശ്ചാത്തലത്തിലാണ് തീരുമാനം.
ഇന്നലെ മുതലാണ് സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണം പ്രാബല്യത്തില്‍ വന്നത്. റോഡ് ടെസ്റ്റിന് ശേഷം മാത്രം H ടെസ്റ്റ് നടത്താനുള്‍പ്പെടെ നിശ്ചയിച്ചിരുന്നു. ടാര്‍ ചെയ്തോ കോണ്‍ക്രീറ്റ് ചെയ്തോ സ്ഥലമൊരുക്കിയ ശേഷം വരകളിലൂടെ വാഹനം ഓടിക്കുക, ഡ്രൈവിങ്, വശം ചെരിഞ്ഞുള്ള പാര്‍ക്കിങ്, വളവുകളിലും കയറ്റിറക്കങ്ങളിലും വാഹനം ഓടിക്കല്‍ തുടങ്ങിയവയെല്ലാം പുതിയ ടെസ്റ്റിന്റെ ഭാഗമാണ്.പുതിയതായി ടെസ്റ്റില്‍ പങ്കെടുത്ത 40 പേര്‍ക്കും തോറ്റവര്‍ക്കുളള റീ ടെസ്റ്റില്‍ ഉള്‍പ്പെട്ട 20 പേര്‍ക്കുമായി അറുപത് പേര്‍ക്ക് ലൈസന്‍സ് നല്‍കാനായിരുന്നു പുതുക്കിയ നിര്‍ദേശം.