കത്തോലിക്ക സന്യാസിനിക്ക് സന്നദ്ധ സംഘടനയുടെ ‘രാഷ്ട്രീയ ഗൗരവ് അവാര്‍ഡ്’
പനാജി: ദേശീയ ഐക്യത്തിന് വേണ്ടി നടത്തുന്ന ശ്രമങ്ങളും, മഹനീയ ജീവിത മാതൃകയും കണക്കിലെടുത്ത് ‘ഡോട്ടേഴ്സ് ഓഫ് സെന്റ് പോള്‍’ സഭാംഗമായ കത്തോലിക്കാ സന്യാസിനിയായ സിസ്റ്റര്‍ പോളിന്‍ ചക്കാലക്കലിന് പുരസ്കാരം. ‘ദി ഇന്ത്യാ ഇന്റര്‍നാഷ്ണല്‍ ഫ്രണ്ട്ഷിപ് സൊസൈറ്റി’യുടെ അഭിമാന പുരസ്കാരമായ ‘നാഷണല്‍ പ്രൈഡ്’ പുരസ്കാരത്തിനാണ് (രാഷ്ട്രീയ ഗൗരവ് അവാര്‍ഡ്) സിസ്റ്റര്‍ പോളിന്‍ അര്‍ഹയായിരിക്കുന്നത്. ഏപ്രില്‍ 9ന് ഡല്‍ഹിയില്‍വെച്ചായിരിക്കും പുരസ്കാര ദാനമെന്ന്‍ സംഘടന സെക്രട്ടറി ഗുര്‍മീത് സിംഗ് അറിയിച്ചു. വനിത ശാക്തീകരണ വിഷയങ്ങളിലും ലിംഗപരവുമായ പ്രശ്നങ്ങള്‍ പൊതു ശ്രദ്ധയില്‍ കൊണ്ടുവരുന്ന മേഖലകളിലും തന്റെ പ്രായത്തേയും ആരോഗ്യത്തേയും കണക്കിലെടുക്കാതെ സിസ്റ്റര്‍ പോളിന്‍ സജീവമായി രംഗത്തുണ്ട്. സിസ്റ്ററിന്റെ പ്രവര്‍ത്തനങ്ങളും ജീവിതവും ദേശീയ ഐക്യവും, മതസൗഹാര്‍ദ്ദവും പ്രോത്സാഹിപ്പിക്കുന്നതില്‍ മറ്റുള്ളവര്‍ക്ക് മാതൃകയായിട്ടുണ്ടെന്ന് തങ്ങള്‍ക്ക് ബോധ്യമായതായി ഗുര്‍മീത് സിംഗ് പറഞ്ഞു.
സിസ്റ്റര്‍ പോളിന്‍ പുരസ്കാരത്തിന് അര്‍ഹയായതില്‍ അഭിമാനമുണ്ടെന്നു ഡോട്ടേഴ്സ് ഓഫ് സെന്റ് പോള്‍ സഭയുടെ ഇന്ത്യന്‍ പ്രോവിന്‍ഷ്യാള്‍ സിസ്റ്റര്‍ അരുള്‍ മേരി സൂസൈ ‘മാറ്റേഴ്സ് ഇന്ത്യ’യോട് പറഞ്ഞു. കഴിഞ്ഞ 27 വര്‍ഷമായി മുംബൈയിലെ ബാന്ദ്രയില്‍ പ്രവര്‍ത്തിച്ചുവരുന്ന “സെലിബ്രേറ്റിംഗ് യൂണിറ്റി ഇന്‍ ഡൈവേഴ്സിറ്റി” എന്ന മതസൗഹാര്‍ദ്ദ സംഘടയുടെ സ്ഥാപകാംഗമാണ് സിസ്റ്റര്‍ പോളിന്‍. വിവിധ മതങ്ങളേയും, വിവിധ തുറകളിലുള്ളവരേയും ഒരുമിച്ച് കൊണ്ടുവരുന്നതിനും ‘ബോംബെ അര്‍ബന്‍ ഇന്‍ഡസ്ട്രിയല്‍ ലീഗ് ഫോര്‍ ഡെവലപ്മെന്റ്’ (ബില്‍ഡ്) എന്ന സന്നദ്ധ സംഘടനയുടേയും, ബാന്ദ്ര ഹിന്ദു അസിസിയേഷന്റേയും സഹകരണത്തോടെ എല്ലാ വര്‍ഷവും മുടക്കം കൂടാതെ സിസ്റ്റര്‍ പോളിന്‍ വിവിധ പരിപാടികള്‍ ഘടിപ്പിക്കാറുണ്ടെന്ന്‍ പ്രോവിന്‍ഷ്യാള്‍ പറഞ്ഞു.
ബിബ്ലിക്കല്‍ ദൈവശാസ്ത്രത്തില്‍ ഡോക്ടറേറ്റിന് പുറമേ, തത്വശാസ്ത്രം, ലൈബ്രറി സയന്‍സ്, ജേര്‍ണലിസം, പബ്ലിക് റിലേഷന്‍ എന്നിവയില്‍ ഡിപ്ലോമയും കരസ്ഥമാക്കിയിട്ടുള്ള സിസ്റ്റര്‍ പോളിന് ‘ഇന്ത്യന്‍ തിയോളജിക്കല്‍ അസോസിയേഷന്‍’, ‘കത്തോലിക് ബിബ്ലിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ’, ‘സൊസൈറ്റി ഫോര്‍ ബ്ലിബ്ലിക്കല്‍ സ്റ്റഡീസ് ഇന്‍ ഇന്ത്യ’, ‘ഇന്ത്യന്‍ വിമണ്‍ തിയോളജിക്കല്‍ ഫോറം’, ‘സത്യശോധക്’, ‘ഏഷ്യന്‍ വിമണ്‍സ് റിസോഴ്സ് സെന്റര്‍ ഫോര്‍ കള്‍ച്ചര്‍ ആന്‍ഡ് തിയോളജി’, ‘എക്ലെസ്യ ഓഫ് വിമണ്‍ ഇന്‍ ഏഷ്യ’ എന്നീ സംഘടനകളില്‍ അംഗത്വവുമുണ്ട്.