അബ്ദുറഹീമിന്‍റെ മോചനത്തിനായി പിരിച്ചുകിട്ടിയത് 47 കോടി
സൗദി ജയിലില്‍ കഴിയുന്ന അബ്ദുറഹീമിന്‍റെ മോചനത്തിനായി പിരിച്ചുകിട്ടിയത് 47 കോടി രൂപയെന്ന് റിയാദിലെ നിയമസഹായസമിതി. കണക്കുകളെല്ലാം പുറത്തുവിടും. അതേസമയം റഹീമിന്റെ മോചനം ബലി പെരുന്നാളിന് ശേഷമായിരിക്കുമെന്നും കേസിൽ കൂട്ടുപ്രതിയായിരുന്ന നസീർ ജാമ്യത്തിൽ ഇറങ്ങി മുങ്ങുകയായിരുന്നെന്നും ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
അബ്ദുറഹീമിൻറെ മോചനത്തിനായി ദിയാധനമായി നൽകേണ്ട ഒന്നരകോടി റിയാൽ സമാഹരിക്കാനായാണ് റിയാദിലെ റഹീം നിയമസഹായസമിതി ക്രൗണ്ട് ഫണ്ടിങ് നടത്തിയത്. എന്നാൽ 47 കോടി രൂപ അക്കൗണ്ടിലെത്തിയെന്നും ഇതിൽ ദിയാധനം നൽകേണ്ട 34 കോടി 35 ലക്ഷം രൂപ എംബസിക്ക് നൽകാനായി വിദേശകാര്യ മന്ത്രാലയത്തിന് കൈമാറിയെന്നും നിയമസഹായസമിതി ഭാരവാഹികൾ അറിയിച്ചു. പ്രവര്‍ത്തനങ്ങളെല്ലാം ഇന്ത്യന്‍ എംബസിയുടെ മേല്‍നോട്ടത്തില്‍ സുതാര്യമാണ്. കണക്കുകൾ നാട്ടിലെ സഹായ സമിതി പുറത്തുവിടുമെന്നും ഭാരവാഹികൾ വ്യക്തമാക്കി. വ്യക്തിഹത്യയും ദുരാരോപണങ്ങളും ഉന്നയിക്കുന്നവർക്കെതിരെ നിയമനടപടികള്‍ സ്വീകരിച്ചുവരികയാണ്
അതേസമയം കൊല്ലപ്പെട്ട അനസിന്റെ കുടുംബത്തിന് ദിയാധനം നൽകുന്ന നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സമയമെടുക്കുമെന്നതാണ് മോചനം വൈകാൻ കാരണം. കൂട്ടുപ്രതിയായിരുന്ന നസീർ ജാമ്യത്തിൽ ഇറങ്ങി മുങ്ങിയതും പ്രതിസന്ധിയുണ്ടാക്കുന്നുണ്ട്. അന്വേഷണ റിപ്പോർട്ടിലും കോടതിയുടെ വിധി പ്രസ്താവത്തിലും റഹീം കുറ്റം സമ്മതിച്ചതായാണ് രേഖപ്പെടുത്തിയത്.