സംസ്ഥാനത്ത് ഇന്ന് ജീവനക്കാരുടെ കൂട്ട വിരമിക്കൽ: വിരമിക്കുന്നത് 16000ത്തോളം ജീവനക്കാർ

0

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ജീവനക്കാരുടെ കൂട്ട വിരമിക്കൽ. 16000 ത്തോളം ജീവനക്കാരാണ് സർവ്വീസിൽ നിന്നും വിരമിക്കുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധി നിലനിൽക്കെ വിരമിക്കുന്നവർക്ക് ആനുകൂല്യങ്ങൾ നൽകാൻ 9000 കോടിയോളം സർക്കാർ കണ്ടെത്തേണ്ടിവരും.

പെൻഷൻ പ്രായം കൂട്ടുമെന്ന അഭ്യൂഹങ്ങൾ ഏറെ നാളായി ശക്തമായിരുന്നു. പക്ഷെ ഇത്തവണയും സർക്കാർ നയപരമായ ആ തീരുമാനമെടുത്തില്ല. ആനുകൂല്യങ്ങൾക്കായി ഭീമമായ തുക കണ്ടെത്തേണ്ട സാഹചര്യത്തിൽ പെൻഷൻ പ്രായം കൂട്ടാൻ പല തരത്തിലെ ആലോചന ഉണ്ടായിരുന്നു. കൂട്ടിയാൽ യുവജനങ്ങളുടെ എതിർപ്പ് കണക്കിലെടുത്താണ് വേണ്ടെന്ന് വെച്ചത്. വിവിധ വകുപ്പുകളിൽ നിന്ന് ഇന്ന് പിരിയുന്നത് 16000 ത്തോളം ജീവനക്കാരാണ്. ആനൂകൂല്യങ്ങൾ നൽകാൻ 9000 കോടി കണ്ടെത്തേണ്ടതാണ് പ്രശ്നം.

ഈ മാസം ആദ്യം മുതൽ സംസ്ഥാനം ഓവർ ഡ്രാഫ്റ്റിലാണ്. നടപ്പു സാമ്പത്തിക വർഷം മുതൽ അതാത് മാസത്തെ പെൻഷൻ വിതരണം ചെയ്യുമെന്ന് ബജറ്റിൽ പ്രഖ്യാപിച്ചെങ്കിലും നടപടി തുടങ്ങിയിട്ടില്ല. എല്ലാവരും ഒറ്റയടിക്ക് പണം പിൻവലിക്കില്ല എന്നത് ആശ്വാസമാണ്. പലരും ട്രഷറിയിൽ തന്നെ പണം നിക്ഷേപിക്കാൻ താല്പര്യപ്പെടുന്നതും നേട്ടമാണ്. പിരിയുന്നവരിൽ പകുതിയോളം അധ്യാപകരാണ്. സെക്രട്ടറേയേറ്റിൽ നിന്ന് അഞ്ച് സ്പെഷ്യൽ സെക്രട്ടറിമാർ അടക്കം 15 പേർ ഇന്ന് പടിയിറങ്ങും. പൊലീസിൽ നിന്ന് ഇറങ്ങുന്നത് എണ്ണൂറോളം പേരാണ്. കെ എസ് ആർ ടി സിയിൽ നിന്ന് ഡ്രൈവർമാരും കണ്ടക്ച‍മാരും ചേർന്ന് 700 ഓളം പേർ വിരമിക്കും. ഇതിൽ ഡ്രൈവർമാർക്ക് താൽക്കാലികമായി വീണ്ടും ജോലി നൽകാൻ നീക്കമുണ്ട്. കെ എസ് ഇ ബിയിൽ നിന്ന് വിരമിക്കുക 1010 പേരാണ്. എല്ലാ വകുപ്പുകളിലും വിരമിക്കുന്നവർക്ക് പകരം താഴേത്തട്ടിലുള്ളവർത്ത് സ്ഥാനക്കയറ്റം നൽകും.

You might also like