‘പരീക്ഷയുടെ പവിത്രതയെ ബാധിച്ചു, ഉത്തരം പറയണം’; നീറ്റ് വിവാദത്തില്‍ നിലപാട് കടുപ്പിച്ച് സുപ്രീം കോടതി

0

ന്യൂഡൽഹി: ദേശീയ മെഡിക്കല്‍ പ്രവേശന പരീക്ഷാ ഫലം റദ്ദാക്കണമെന്ന പരാതിയില്‍ നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയ്ക്കും (എന്‍ടിഎ) കേന്ദ്ര സര്‍ക്കാരിനും നോട്ടീസ് അയച്ച് സുപ്രീം കോടതി. വിവാദങ്ങള്‍ പരീക്ഷയുടെ പവിത്രതയെ ബാധിച്ചുവെന്നും അതിനാല്‍ വിഷയത്തില്‍ കൃത്യമായ ഉത്തരം നല്‍കണമെന്നും കോടതി പറഞ്ഞു.

അഡ്മിഷനുകളിലേക്കുള്ള കൗണ്‍സിലിങ് നടപടികള്‍ തുടരുമെന്ന് കോടതി പറഞ്ഞു. ജസ്റ്റിസ് വിക്രം നാഥ്, അഹ്‌സാനുദ്ദിന്‍ അമാനുള്ള എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. കൗണ്‍സിലിംഗ് നിര്‍ത്തലാക്കുന്നില്ലെന്നും ബെഞ്ച് വ്യക്തമാക്കി. ജൂലൈ എട്ടിന് കേസിൽ വീണ്ടും വാദം കേള്‍ക്കുമെന്ന് ബെഞ്ച് പറഞ്ഞു.

നീറ്റ് – യുജി 2024 ഫലവുമായി ബന്ധപ്പെട്ട ഹര്‍ജിയാണ് കോടതി കേട്ടത്. ചില വിദ്യാര്‍ത്ഥികളുടെ മാര്‍ക്കും ചിലര്‍ക്ക് പ്രത്യേക പരിഗണന നല്‍കിയെന്ന വാദവും ഫല പ്രഖ്യാപനത്തിന് പിന്നാലെ ഉയര്‍ന്നിരുന്നു. തുടര്‍ന്ന് പരീക്ഷാ ഫലം റദ്ദാക്കണമെന്നും പരീക്ഷ വീണ്ടും നടത്തണമെന്നും ഹര്‍ജിക്കാര്‍ ആവശ്യപ്പെടുകയായിരുന്നു.

വിദ്യാര്‍ത്ഥികള്‍ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കിയതില്‍ യുക്തിയില്ലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. ഗ്രേസ് മാര്‍ക്ക് നല്‍കുന്നത് വെറുതെ സമയം പാഴാക്കുന്നതിന് തുല്യമാണെന്നും പരീക്ഷയ്ക്ക് മുമ്പ് ഇക്കാര്യം വെളിപ്പെടുത്തിയിരുന്നില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.

കൂടാതെ ഒരേ കോച്ചിംഗ് സെന്ററില്‍ പഠിച്ച 67 വിദ്യാര്‍ത്ഥികള്‍ക്ക് 720 ല്‍ 720 ലഭിച്ചിരുന്നു. എന്‍ടിഎ പുറത്തിറക്കിയ പ്രൊവിഷണല്‍ ഉത്തരസൂചികയിലെ ഉത്തരത്തിനെതിരെ 13000 ലധികം വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തിയിരുന്ന കാര്യവും പരാതിക്കാര്‍ കോടതിയെ അറിയിച്ചു.

“ശാസ്ത്രീയവും വൈദ്യശാസ്ത്രപരവുമായ ആഴത്തിലുള്ള അറിവ് ആവശ്യപ്പെടുന്ന മേഖലയാണിത്. പരീക്ഷയില്‍ വിജയിക്കുന്നതിന് വഞ്ചനാപരമായ മാര്‍​ഗങ്ങള്‍ ഉപയോഗിക്കുന്നത് ഭാവിയില്‍ നിരവധി രോഗികളുടെ ജീവന്‍ അപകടത്തിലാക്കും,” ഹര്‍ജിയില്‍ പറഞ്ഞു.

You might also like