ചൈനയിൽ ഷോപ്പിംഗ് മാളിൽ തീപിടിത്തം ; ആറ് പേർക്ക് ദാരുണാന്ത്യം
ബീജിംഗ് : ചൈനയിലെ സിചുവാൻ പ്രവിശ്യയിലെ സിഗോങ് നഗരത്തിലെ ഷോപ്പിംഗ് മാളിൽ ബുധനാഴ്ചയുണ്ടായ തീപിടിത്തത്തിൽ 6 പേർ മരിച്ചു. അപകടത്തിൽപെട്ട 30 ഓളം പേരെ രക്ഷപ്പെടുത്തിയതായും ചൈനയുടെ ടെലിവിഷൻ ചാനലായ സി സി ടി വി അറിയിച്ചു.
14 നില കെട്ടിടത്തിന് താഴെയുള്ള ഷോപ്പിംഗ് സെന്ററിൽ വൈകീട്ട് 6.11 ഓടെയാണ് തീപിടിത്തമുണ്ടായത്. അഗ്‌നിശമന സേനയ്‌ക്ക് വിവരം ലഭിച്ചതിനെ തുടർന്ന് ഇവരെത്തിയാണ് രക്ഷാപ്രവർത്തനം സജീവമാക്കിയത്. രാത്രി 8.20 ഓടെയാണ് തീ അണയ്‌ക്കാനായത്.
മോശം സുരക്ഷാ മാനദണ്ഡങ്ങൾ മൂലം ചൈനയിൽ തീപിടിത്തം സാധാരണയാണ്. കഴിഞ്ഞ ജനുവരിയിൽ ചൈനയിലെ സെൻട്രൽ സിറ്റിയായ സിൻയുവിലെ ഒരു സ്റ്റോറിൽ ഉണ്ടായ തീപിടിത്തത്തിൽ നിരവധി പേർ മരിച്ചിരുന്നു. അതേമാസം തന്നെ ഒരു റസിഡൻഷ്യൽ കെട്ടിടത്തിലുണ്ടായ തീപിടുത്തത്തിൽ 15 പേരും മരിച്ചിരുന്നു.