ക്രിസ്ത്യൻ പ്രാർത്ഥന കൂട്ടത്തിനെതിരെ ആൾക്കൂട്ട ആക്രമണം
ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ ക്രിസ്ത്യന്‍ പ്രാര്‍ഥനാ ചടങ്ങില്‍ ഇരച്ചുകയറി ഹിന്ദുത്വ ആള്‍ക്കൂട്ടത്തിന്റെ ആക്രമണം. ചടങ്ങില്‍ പങ്കെടുത്ത സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള വിശ്വാസികളെ അക്രമികള്‍ മര്‍ദിക്കുകയും മുറിയില്‍ സ്ഥാപിച്ചിരുന്ന കുരിശ് തകര്‍ക്കുകയും ചെയ്തു. മതപരിവര്‍ത്തനം നടക്കുന്നുവെന്ന് ആരോപിച്ചായിരുന്നു ആക്രമണമെന്ന് ‘ന്യൂസ്‌ലോണ്ട്രി’ റിപ്പോര്‍ട്ട് ചെയ്തു.
ഉത്തരാഖണ്ഡിലെ ഡെറാഡൂണിലാണു സംഭവം. നഗരത്തോട് ചേര്‍ന്നുള്ള നെഹ്‌റു കോളനിയിലെ ഒരു വീട്ടില്‍ ഞായറാഴ്ച പ്രാര്‍ഥന നടക്കുന്നതിനിടെയാണ് അക്രമികള്‍ ഇരച്ചെത്തിയത്. വീട്ടിലേക്ക് അതിക്രമിച്ചു കയറി അക്രമം അഴിച്ചുവിടുകയായിരുന്നു. ക്രിസ്ത്യന്‍ വിശ്വാസത്തെ അപകീര്‍ത്തിപ്പെടുത്തിയ ശേഷം മുറിയിലുണ്ടായിരുന്ന കുരിശ് ഉള്‍പ്പെടെ തകര്‍ത്തു. സ്ഥലത്തുണ്ടായിരുന്നവരെയെല്ലാം ആക്രമിക്കുകയും ചെയ്തതായി റിപ്പോര്‍ട്ടില്‍ പറയുന്നു.