ഓസ്ട്രേലിയയിലെ കെയ്ന്‍സില്‍ ഹെലികോപ്ടർ ആഡംബര ഹോട്ടലില്‍ ഇടിച്ച് പൈലറ്റ് കൊല്ലപ്പെട്ടു
സിഡ്‌നി: ഓസ്ട്രേലിയയില്‍ ആഡംബര ഹോട്ടലിന്റെ മേല്‍ക്കൂരയില്‍ ഹെലികോപ്റ്റടര്‍ ഇടിച്ച് പൈലറ്റ് ദാരുണമായി കൊല്ലപ്പെട്ടു. ഹോട്ടലിന്റെ മുകള്‍ ഭാഗം അഗ്നിഗോളമായതിനെ തുടര്‍ന്ന് നൂറിലേറെപ്പേരെ ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തകര്‍ ഒഴിപ്പിച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ഓസ്‌ട്രേലിയന്‍ സംസ്ഥാനമായ ക്വീന്‍സ് ലന്‍ഡിലെ പ്രശസ്ത വിനോദസഞ്ചാര നഗരമായ കെയ്ന്‍സില്‍ പ്രാദേശിക സമയം തിങ്കളാഴ്ച്ച പുലര്‍ച്ചെയാണ് അപകടമുണ്ടായത്.
ഹില്‍ട്ടണ്‍ ഗ്രൂപ്പിന്റെ കെയ്ന്‍സ് നഗരത്തിലെ പ്രശസ്ത ഹോട്ടലായ ഡബിള്‍ ട്രീ ഹോട്ടലിന് മുകളിലാണ് ഹെലികോപ്റ്റടര്‍ ഇടിച്ച് അപകടം ഉണ്ടായത്.
ഹെലികോപ്ടര്‍ ഇടിച്ചതിനെ തുടര്‍ന്ന് ഹോട്ടലിന് മുകളില്‍ വന്‍ അഗ്നിബാധയാണ് ഉണ്ടായത്. തീ പടര്‍ന്നതിന് പിന്നാലെ ഉടന്‍ തന്നെ ഹോട്ടലിലുണ്ടായിരുന്നവരെ ഒഴിപ്പിച്ചതായി ക്വീന്‍സ് ലന്‍ഡ് പൊലീസ് പറഞ്ഞു. പൊള്ളലേറ്റ രണ്ടു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും അവരുടെ ആരോഗ്യനിലയില്‍ ആശങ്കയില്ലെന്നുമാണ് റിപ്പോര്‍ട്ടുകള്‍. 80 വയസുള്ള പുരുഷനും 70 വയസുള്ള സ്ത്രീക്കുമാണ് അപകടത്തില്‍ പരിക്കേറ്റത്. അപകടത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു.
ഹെലികോപ്ടറില്‍ പൈലറ്റ് മാത്രമാണ് ഉണ്ടായിരുന്നത്. പൈലറ്റ് സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. പൈലറ്റ് അനുമതിയില്ലാതെയാണ് ഹെലികോപ്ടര്‍ പറത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി ഓസ്‌ട്രേലിയന്‍ പൊലീസും വ്യോമയാന മന്ത്രാലയവും അറിയിച്ചു