അനുദിനം ഉപയോക്താക്കളെ ഞെട്ടിക്കുകയാണ് ബിഎസ്എൻഎൽ : ഇനി ടവറില്ലാതെയും കവറേജ്
അനുദിനം ഉപയോക്താക്കളെ ഞെട്ടിക്കുകയാണ് ബിഎസ്എൻഎൽ. രാജ്യമൊട്ടാകെ 4ജി സേവനം വ്യാപിപ്പിക്കുന്നതിനിടെ മറ്റൊരു സന്തോഷവാർത്തയാണ് കമ്പനി പങ്കുവയ്‌ക്കുന്നത്. സിം മാറ്റാതെ തന്നെ സേവനങ്ങൾ ആസ്വദിക്കാൻ കഴിയുന്ന ‘യൂണിവേഴ്‌സൽ സിം’ (USIM) പ്ലാറ്റ്ഫോം അവതരിപ്പിച്ചിരിക്കുകയാണ് ബിഎസ്എൻഎൽ.
സാമ്പത്തിക സേവന കമ്പനിയായ പൈറോ ഹോൾഡിംഗ്‌സുമായി സഹകരിച്ചാണ് USIM പ്ലാറ്റ്ഫോം യാഥാർത്ഥ്യമാക്കിയത്. ഭൂമിശാസ്ത്രപരമായ നിയന്ത്രണങ്ങളില്ലാതെ ഉപയോക്താക്കൾക്ക് കവറേജ് ലഭിക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത. രാജ്യത്ത് എവിടെ നിന്നും സിം മാറ്റാം. കവറേജില്ലാത്ത കുഗ്രാമങ്ങളിൽ പോലും ഇനി വളരെ എളുപ്പത്തിൽ റേഞ്ചെത്തുമെന്ന് സാരം.
കേബിളോ മറ്റ് ലോക്കൽ കണക്ഷനോ സെല്ലുലാർ നെറ്റ്വർക്കോ ആവശ്യമില്ലാതെ വയർലെസായി കവറേജ് നൽകുന്ന ഓവർ-ദ-എയർ (OTA) സംവിധാനവും സജ്ജമാക്കും. 4ജിയും ഭാവിയിൽ 5ജിയും സുഗമമായി ലഭിക്കാൻ ഒടിഎ സാങ്കേതികവിദ്യ സഹായിക്കും.നേരിട്ട് 4ജി, 5ജി നെറ്റ്‌വർക്കുകളിലേക്ക് സിം അപ്‌ഗ്രേഡ് ചെയ്യാനുള്ള സംവിധാനമാണിത്.
ഒക്ടോബർ അവസാനത്തോടെ 4ജി സേവനങ്ങൾക്കായി 80,000 ടവറുകളും 2025 മാർച്ചോടെ ബാക്കി 21,000 ടവറുകളും സ്ഥാപിക്കുമെന്ന് കേന്ദ്ര ടെലികോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ വ്യക്തമാക്കിയിരുന്നു. ടാറ്റയുമായി സഹകരിച്ചാണ് ബിഎസ്എൻഎൽ ടവറുകൾ സ്ഥാപിക്കുന്നത്.