ഇസ്രയേൽ ആക്രമണത്തിൽ ഗാസയിൽ കൊല്ലപ്പെട്ട പലസ്തീൻകാരുടെ എണ്ണം 40,005 ആയി.
ദോഹ :പതിനൊന്നാം മാസത്തിലേക്കു കടന്ന ഇസ്രയേൽ ആക്രമണത്തിൽ ഗാസയിൽ കൊല്ലപ്പെട്ട പലസ്തീൻകാരുടെ എണ്ണം 40,005 ആയി. പരുക്കേറ്റവർ 92,401. ഇറാന്റെ പിന്തുണയുള്ള ലബനനിലെ ഹിസ്ബുല്ലയും യെമനിലെ ഹൂതികളും ഇസ്രയേലിനെതിരെ രംഗത്തിറങ്ങിയതോടെ യുദ്ധം വ്യാപകമാകുമെന്ന ഭീതി ഉയർന്നിട്ടുണ്ട്. യുഎസ്, ഖത്തർ, ഈജിപ്ത് എന്നീ രാജ്യങ്ങളുടെ മധ്യസ്ഥതയിൽ വ്യാഴാഴ്ച ദോഹയിൽ ആരംഭിച്ച വെടിനിർത്തൽ ചർച്ച ഇന്നും തുടരും. ചർച്ച പ്രതീക്ഷ നൽകുന്നുവെന്നാണ് റിപ്പോർട്ട്. ഇസ്രയേലിന്റെ ആഭ്യന്തര സുരക്ഷാമേധാവി, മൊസാദ് മേധാവി എന്നിവർ ദോഹയിലുണ്ട്. ഹമാസ് പ്രതിനിധികൾ ചർച്ചയിൽ നേരിട്ടു പങ്കെടുക്കുന്നില്ല.
അതേസമയം, തെക്കൻ ഗാസയിലെ ഖാൻ യൂനിസിന്റെ വടക്കൻ മേഖലയിൽനിന്നും ദെയ്റൽ ബലാഹിന്റെ കിഴക്കൻമേഖലയിൽനിന്നും പലസ്തീൻകാരോടു ഒഴിഞ്ഞുപോകാൻ ഇസ്രയേൽ സൈന്യം ആവശ്യപ്പെട്ടു. സുരക്ഷിതമേഖല എന്നു പറഞ്ഞിരുന്ന പ്രദേശങ്ങളിൽനിന്നാണ് ഒഴിപ്പിക്കൽ. ഇസ്രയേൽ അതിർത്തിപ്രദേശത്തേക്കു റോക്കറ്റാക്രമണം ഉണ്ടായതാണു പ്രകോപനം. അതേസമയം, പതിനായിരക്കണക്കിന് അഭയാർഥികൾ തിങ്ങിനിറഞ്ഞ അൽ മവാസിയിലും ഇന്നലെ ബോംബാക്രമണമുണ്ടായി. 3 കുട്ടികൾ കൊല്ലപ്പെട്ടു.