ഇസ്‌റാഈൽ ആക്രമണത്തിൽ 20 പേർ കൊല്ലപ്പെട്ടതിനു പിന്നാലെ തെൽഅവീവിൽ ഹിസ്ബുല്ലയുടെ മിസൈൽ വർഷം
ബെയ്‌റൂത്ത്: ഇസ്‌റാഈൽ ആക്രമണത്തിൽ 20 പേർ കൊല്ലപ്പെട്ടതിനു പിന്നാലെ തെൽഅവീവിൽ ഹിസ്ബുല്ലയുടെ മിസൈൽ വർഷം. 340 ഓളം മിസൈലുകൾ അയച്ചെന്നാണ് റിപ്പോർട്ട്. അക്ഷരാർത്ഥത്തിൽ ഇസ്‌റാഈലിനെ ഞെട്ടിച്ച മിസൈൽ വർഷത്തിൽ ടെൽഅവീവിവിൽ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
പെതഹ് തിക്വാഹിലെ കെട്ടിടത്തിനാണ് നാശനഷ്ടമുണ്ടായത്. വാഹനങ്ങൾ കത്തിനശിച്ചു. നാലു പേർക്ക് പരുക്കേറ്റു. നിരവധി റോക്കറ്റുകൾ വീഴ്ത്തിയെന്ന് സൈന്യം അവകാശപ്പെടുന്നുണ്ട്. അതേസമയം, ഇസ്‌റാഈലിലെങ്ങും അപായ സൈറണുകൾ മുഴങ്ങിയിരുന്നു.
അതിനിടെ, ഗസ്സയിൽ ആക്രമണം കടുപ്പിക്കുകയാണ് ഇസ്‌റാഈൽ. ഗസ്സ സിറ്റിയും പ്രാന്തപ്രദേശങ്ങളും ഒഴിയാൻ ഇസ്‌റാഈൽ സൈന്യം കഴിഞ്ഞ ദിവസം ആഹ്വാനം നൽകിയിട്ടുണ്ട്. ഇവിടെ ആക്രമണം കടുപ്പിക്കുന്നതിന്റെ ഭാഗമാണിത്. ഗസ്സ ആശുപത്രി ഡയരക്ടർക്ക് കഴിഞ്ഞ ദിവസം ഡ്രോൺ ആക്രമണത്തിൽ പരുക്കേറ്റിരുന്നു.