അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് മലേഷ്യയുടെ തലസ്ഥാനമായ ക്വലാലംപുരിലേക്ക് എയര്‍ ഏഷ്യ തുടങ്ങിയ സര്‍വീസ് വന്‍ വിജയം.

0

കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് മലേഷ്യയുടെ തലസ്ഥാനമായ ക്വലാലംപുരിലേക്ക് എയര്‍ ഏഷ്യ തുടങ്ങിയ സര്‍വീസ് വന്‍ വിജയം. സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളിലേക്കുള്ള ടിക്കറ്റ് ബുക്കിങ് ഏറക്കുറെ പൂര്‍ത്തിയായി. ഇതോടെ സര്‍വീസുകള്‍ വര്‍ധിപ്പിക്കാനൊരുങ്ങുകയാണ് എയര്‍ ഏഷ്യ.

ഇതിനായി ഡി.ജി.സി.എ.യ്ക്ക് അപേക്ഷ നല്‍കി. ഓഗസ്റ്റ് രണ്ടിനാണ് എയര്‍ ഏഷ്യ ക്വലാലംപുര്‍-കോഴിക്കോട് സര്‍വീസ് തുടങ്ങിയത്. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ ക്വലാലംപുരില്‍നിന്ന് കോഴിക്കോട്ടേക്കും ബുധന്‍, വെള്ളി, ഞായര്‍ ദിവസങ്ങളില്‍ തിരിച്ചുമാണ് നിലവില്‍ സര്‍വീസ്. ഇത് എല്ലാ ദിവസവുമാക്കാനാണ് എയര്‍ ഏഷ്യയുടെ ശ്രമം.

ക്വലാലംപുരിനുപുറമേ തായ്ലാന്‍ഡ് തലസ്ഥാനമായ ബാങ്കോക്കിലേക്കും സിംഗപ്പൂരിലേക്കും സര്‍വീസ് വ്യാപിപ്പിക്കാനും ശ്രമം നടക്കുന്നുണ്ട്. മലേഷ്യന്‍ എയര്‍, മലിന്റോ എയര്‍, ബതിക് എയര്‍, സില്‍ക്ക് എയര്‍ തുടങ്ങിയ വിമാനക്കമ്പനികളും സര്‍വീസുകള്‍ക്ക് താത്പര്യം കാണിച്ച് രംഗത്തെത്തിയിട്ടുണ്ട്.

ഇവര്‍ കൂടി എത്തുന്നതോടെ ഇവിടെനിന്നുള്ള ഫാര്‍ ഈസ്റ്റ് സര്‍വീസുകള്‍ കൂടുതല്‍ മത്സരക്ഷമമാകും. 6000 രൂപയ്ക്ക് താഴെ ടിക്കറ്റ് നിരക്കുമായാണ് എയര്‍ ഏഷ്യ കോഴിക്കോട് സര്‍വീസിനെത്തിയത്.അതേസമയം എയര്‍ ലങ്ക, മാലദ്വീപ് എയര്‍ലൈന്‍ തുടങ്ങിയവകൂടി കരിപ്പൂരില്‍നിന്ന് സര്‍വീസ് തുടങ്ങാന്‍ ശ്രമമാരംഭിച്ചിട്ടുണ്ട്.

You might also like