അടുത്ത വർഷം വിദേശ വിദ്യാർഥികളുടെ എണ്ണം 2,70,000 ആയി കുറയ്ക്കാൻ ഓസ്ട്രേലിയ തീരുമാനിച്ചു
ന്യൂഡൽഹി ∙ അടുത്ത വർഷം വിദേശ വിദ്യാർഥികളുടെ എണ്ണം 2,70,000 ആയി കുറയ്ക്കാൻ ഓസ്ട്രേലിയ തീരുമാനിച്ചു. വിദേശത്തുനിന്നുള്ള കുടിയേറ്റം കോവിഡിനു മുൻപുള്ള നിലയിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണിത്.
ഉന്നത വിദ്യാഭ്യാസ രംഗത്തെ ഓരോ സ്ഥാപനത്തിനും എത്ര വിദേശ വിദ്യാർഥികൾക്ക് പ്രവേശനം നൽകാമെന്നതിൽ നിയന്ത്രണം ഏർപ്പെടുത്തും. വൊക്കേഷനൽ എജ്യൂക്കേഷൻ, ട്രെയ്നിങ് മേഖലയിലാകും ഏറ്റവുമധികം നിയന്ത്രണം വരുക. ഓസ്ട്രേലിയൻ സർക്കാരിന്റെ തീരുമാനം ഏറ്റവുമധികം തിരിച്ചടിയാകുക ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിലെ വിദ്യാർഥികൾക്കാകും.
സമീപകാലത്ത് ഓസ്ട്രേലിയൻ കുടിയേറ്റം റെക്കോർഡ് നിലയിലെത്തിയിരുന്നു. ഇതോടെ അടിസ്ഥാന സൗകര്യങ്ങൾ കുറഞ്ഞു. ഈ വർഷം ആദ്യത്തെ കണക്കനുസരിച്ചു 7,17,500 രാജ്യാന്തര വിദ്യാർഥികളാണ് ഓസ്ട്രേലിയയിൽ പഠനത്തിനായി എത്തിയത്.രാജ്യത്തെ യൂണിവേഴ്സിറ്റികളിൽ വിദേശ വിദ്യാർഥികളുടെ എണ്ണം കോവിഡിനു മുൻപുള്ളതിനേക്കാൾ 10 ശതമാനം വർധിച്ചുവെന്നാണ് വിദ്യാഭ്യാസ മന്ത്രി ജേസൺ ക്ലെയർ നൽകുന്ന വിവരം. അതേസമയം, സ്വകാര്യ വൊക്കേഷനൽ, ട്രെയ്നിങ് സ്ഥാപനങ്ങളിലെ വിദ്യാർഥികളുടെ എണ്ണത്തിൽ 50% വർധനയാണുണ്ടായത്. കുടിയേറ്റം ലക്ഷ്യമിട്ട് വിദ്യാർഥികൾ ഹ്രസ്വകാല കോഴ്സുകൾ തിരഞ്ഞെടുക്കാൻ തുടങ്ങിയതോടെയാണ് വളർച്ച ഇത്തരത്തിലുയർന്നത്.