ഗാസയിൽ പോളിയോ വാക്സിൻ വിതരണം ആരംഭിച്ചു.
കയ്റോ: ഗാസയിൽ പോളിയോ വാക്സിൻ വിതരണം ആരംഭിച്ചു. പത്തുവയസിനു താഴെയുള്ള 6.4 ലക്ഷം കുട്ടികൾക്കു തുള്ളിമരുന്നു വിതരണം ചെയ്യലാണു ലക്ഷ്യം. ഇസ്രയേലും ഹമാസും പരിമിതമായ തോതിൽ യുദ്ധം നിർത്താൻ സമ്മതിച്ചിട്ടുണ്ട്. ഗാസയിൽ കാൽ നൂറ്റാണ്ടിനിടയിലെ ആദ്യ പോളിയോ കേസ് റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിലാണു ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തിൽ അടിയന്തര നീക്കങ്ങളുണ്ടായത്. വാക്സിനെടുക്കാതെ പോളിയോ ബാധിച്ച പത്തു മാസം പ്രായമുള്ള കുഞ്ഞിന്റെ ഒരു കാൽ തളർന്നുപോയി.
സെൻട്രൽ ഗാസയിലാണു വാക്സിനേഷൻ ആരംഭിച്ചത്. തുടർന്ന് ഗാസയുടെ തെക്ക്, വടക്ക് ഭാഗങ്ങളിലുമുണ്ടാകും. രണ്ടു ഘട്ടമായി തുള്ളിമരുന്നു നല്കും. നാലാഴ്ച കഴിഞ്ഞായിരിക്കും രണ്ടാം ഘട്ടം. യുഎൻ ഏജൻസികളിലെയും ഹമാസിന്റെ ആരോഗ്യമന്ത്രാലയത്തിലെയും 2,100 ജീവനക്കാർ മരുന്നുവിതരണത്തിനു നേതൃത്വം നല്കിവരുന്നു. മൂന്നു ദിവസത്തേക്കു പകൽയുദ്ധം നിർത്താമെന്നാണ് ഇസ്രയേൽ സമ്മതിച്ചിരിക്കുന്നത്. ഇസ്രേലി ആക്രമണത്തിൽ ആരോഗ്യ, പശ്ചാത്തല സൗകര്യങ്ങൾ തകർന്ന ഗാസയിൽ പോളിയോ വാക്സിനേഷൻ പൂർണവിജയമായേക്കില്ല. ഗാസയിലെ 65 ശതമാനം റോഡുകളും തകർന്നിരിക്കുകയാണ്. ആശുപത്രികളിൽ ഭൂരിഭാഗവും പ്രവർത്തനരഹിതമാണ്.