കെനിയയിലെ സ്‌കൂളില്‍ തീപിടിത്തം: 17 കുട്ടികള്‍ക്ക് ദാരുണാന്ത്യം

0

നെയ്‌റോബി: സെൻട്രൽ കെനിയയിലെ സ്കൂളിൽ ഉണ്ടായ തീപിടിത്തത്തിൽ 17 വിദ്യാർത്ഥികൾ കൊല്ലപ്പെട്ടതായി വെള്ളിയാഴ്ച പോലീസ് വക്താവ് അറിയിച്ചു. തീപിടിത്തത്തിൽ മറ്റ് 14 വിദ്യാർത്ഥികൾക്ക് ഗുരുതരമായി പരിക്കേറ്റതായും മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നും പൊലീസ് വക്താവ് റെസില ഒനിയാംഗോ പറഞ്ഞു.

“തീപിടുത്തത്തിൽ ഞങ്ങൾക്ക് 17 വിദ്യാർത്ഥികളെ നഷ്ടപ്പെട്ടു, 14 പേർക്ക് പരുക്കേറ്റു,” ഒനിയാംഗോ ടെലിഫോണിൽ റോയിട്ടേഴ്സിനോട് പറഞ്ഞു. “ഞങ്ങളുടെ ടീം ഇപ്പോൾ സംഭവസ്ഥലത്താണ്.” നൈറി കൗണ്ടിയിലെ ഹില്‍സൈഡ് എന്‍ഡരാഷ പ്രൈമറി സ്‌കൂളിലാണ് സംഭവം. തീപിടിത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു.

സംഭവത്തിൽ അന്വേഷണം ആരംഭിക്കുന്നതിനായി സിഐഡി ഡെപ്യൂട്ടി ഡയറക്ടർ ജോൺ ഒൻയാങ്കോ, ഹോമിസൈഡ് ഡയറക്ടർ മാർട്ടിൻ ന്യുഗുട്ടോ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് ഉദ്യോഗസ്ഥരുടെ സംഘത്തെ സ്‌കൂളിൽ വിന്യസിച്ചിട്ടുണ്ട്. വിദ്യാർഥികൾ താമസിക്കുന്ന ഡോർമിറ്ററികളിലൊന്നിന് തീപിടിക്കുകയായിരുന്നു.

വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ദുരിതബാധിതരായ കുടുംബങ്ങൾക്കും എല്ലാവിധ പിന്തുണയും സേവനങ്ങൾ നൽകുന്നുണ്ടെന്നും സ്കൂളിൽ ഒരു ട്രെയ്‌സിംഗ് ഡെസ്ക് സ്ഥാപിച്ചിട്ടുണ്ടെന്നും കെനിയ റെഡ് ക്രോസ് പറഞ്ഞതായി ബിബിസി റിപ്പോർട്ട് ചെയ്യുന്നു. കെനിയൻ ബോർഡിംഗ് സ്കൂളുകളിൽ സ്കൂൾ തീപിടുത്തം താരതമ്യേന സാധാരണമാണെന്നത് എടുത്തുപറയേണ്ടതാണ്.

2017 സെപ്റ്റംബറിൽ, തലസ്ഥാനമായ നെയ്‌റോബിയിലെ പെൺകുട്ടികളുടെ ബോർഡിംഗ് സ്‌കൂളിലുണ്ടായ തീപിടിത്തത്തിൽ കുറഞ്ഞത് 10 വിദ്യാർത്ഥികളെങ്കിലും കൊല്ലപ്പെട്ടു. ഇതിന് മനപ്പൂർവം നടത്തിയ തീവെപ്പാണെന്ന് അധികാരികൾ ആരോപിച്ചു. ഒരേ ദിവസം രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ മറ്റ് മൂന്ന് സ്‌കൂളുകളിൽ തീപിടുത്തമുണ്ടായതായി കെനിയ റെഡ് ക്രോസ് ട്വിറ്റർ ഫീഡിൽ അറിയിച്ചു.

You might also like