ലബനാനില്‍ ആക്രമണം ശക്തമാക്കുമ്പോഴും ഗസ്സക്ക് മേല്‍ മരണം പെയ്യിച്ചു കൊണ്ടേയിരിക്കുകയാണ് ഇസ്‌റാഈല്‍

0

ഗസ്സ: ലബനാനില്‍ ആക്രമണം ശക്തമാക്കുമ്പോഴും ഗസ്സക്ക് മേല്‍ മരണം പെയ്യിച്ചു കൊണ്ടേയിരിക്കുകയാണ് ഇസ്‌റാഈല്‍. ഗസ്സയില്‍ അഭയാര്‍ഥികള്‍ താമസിച്ചിരുന്ന സ്‌കൂളിന് നേരെ വീണ്ടും ഇസ്‌റാഈല്‍ ആക്രമണം നടത്തിയത്. ജബാലിയ അഭയാര്‍ഥി ക്യാംപിന്റെ ഭാഗമായ അല്‍ഫാലൗജ സ്‌കൂളിന് നേരെയാണ് ആക്രമണമുണ്ടായത്. 15 പേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ട്.

മരിച്ചവരില്‍ കൂടുതല്‍ പേരും സ്ത്രീകളും കുട്ടികളുമാണെന്നാണ് മെഡിക്കല്‍ സംഘം നല്‍കുന്ന വിവരം. നിരവധി പേര്‍ക്ക് ആക്രമണത്തില്‍ പരുക്കേല്‍ക്കുകയും ചെയ്തു. ഇതില്‍ പലരുടേയും ആരോഗ്യനില ഗുരുതരമാണ്. നാല് ഭിന്നസേഷിക്കാര്‍ കൊല്ലപ്പെട്ടവരില്‍ ഉണ്ടെന്നും ഫലസ്തീന്‍ വാര്‍ത്ത ഏജന്‍സിയായ വഫ റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഗസ്സയില്‍ ആക്രമണങ്ങളില്‍ 36 പേര്‍ കൊല്ലപ്പെട്ടതായാണ് ഔദ്യോഗിക കണക്ക്.  അല്‍ അഖ്‌സ ആശുപത്രിയിലും ഇസ്‌റാഈല്‍ കഴിഞ്ഞ ദിവസം ആക്രമണം നടത്തിയെന്ന്  വഫ റിപ്പോര്‍ട്ട് ചെയ്യുന്നു. സെന്‍ട്രല്‍ ഗസ്സയിലാണ് ആശുപത്രി സ്ഥിതി ചെയ്യുന്നത്. ഇതില്‍ ഒരാള്‍ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്.

2023 ഒക്ടോബര്‍ ഏഴിന് ഗസ്സയില്‍ തുടങ്ങിയ ആക്രമണത്തില്‍ ഇതുവരെ 41,534 പേര്‍ മരിച്ചിട്ടുണ്ട്. 96,092 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മരിച്ചവരിലും പരിക്കേറ്റവരിലും ഭൂരിപക്ഷവും സ്ത്രീകളും കുട്ടികളുമാണ്.

You might also like