അബുദാബിയിൽ സ്വയംനിയന്ത്രിത ടാക്‌സി കാറുകൾ വരുന്നു. ഊബർ ടെക്‌നോളജീസ് വിറൈഡുമായി (WeRide) സഹകരിച്ചാണ് സ്വയംനിയന്ത്രിത ടാക്‌സി കാറുകൾ നിരത്തുകളിൽ ഇറക്കുന്നത്. ഈ വർഷം അവസാനത്തോടെ കാറുകൾ ഓടിത്തുടങ്ങും.
യുഎഇലുടനീളം ഇത്തരം കാറുകൾ പുറത്തിറക്കാൻ 2023ൽ വിറൈഡിന് സർക്കാർ ലൈസൻസ് അനുവദിച്ചിരുന്നു. ദേശീയ തലത്തിൽ റോബോ ടാക്‌സികൾ നിർമിക്കാൻ ലൈസൻസ് അനുവദിക്കുന്നത് ആഗോള തലത്തിൽ ആദ്യമായാണ്. ലൈസൻസ് ലഭിച്ചതിന് പിന്നാലെ റോബോ ടാക്‌സികൾ റോഡിലിറക്കുന്നതിന് മുന്നോടിയായി വിറൈഡ് നിരവധി പരീക്ഷണ ഓട്ടങ്ങളും സംഘടിപ്പിച്ചിരുന്നു. ഇത് വിജയകരമാണെന്ന് കണ്ടെത്തിയ ശേഷമാണ് ഈ വർഷം അവസാനത്തോടെ വാണിജ്യാടിസ്ഥാനത്തിൽ സ്വയം നിയന്ത്രിത കാറുകൾ നിരത്തിലെത്തുന്നത്.
ഊബർ ആപ്ലിക്കേഷൻ ഉപയോഗിച്ച് യാത്രക്കാർക്ക് റോബോ ടാക്‌സികൾ ബുക്ക് ചെയ്യാം. എന്നാൽ, എത്ര കാറുകൾ റോബോ ടാക്‌സികൾ ആയിരിക്കുമെന്ന് കമ്പനി വെളിപ്പെടുത്തിയിട്ടില്ല. ജനറൽ മോട്ടോഴ്‌സിന്റെ റോബോ ടാക്‌സി യൂണിറ്റായ ക്രൂസുമായി കഴിഞ്ഞ ഓഗസ്റ്റിൽ ദുബായ് കരാറിൽ ഏർപ്പെട്ടിരുന്നു. ഈ വാഹനങ്ങൾ അടുത്ത വർഷം മുതൽ നിരത്തിലെത്തുമെന്നാണ് സൂചന. 2030 ഓടെ 4,000 സ്വയംനിയന്ത്രിത കാറുകൾ നഗരത്തിൽ എത്തിക്കാനാണ് ലക്ഷ്യമിടുന്നത്. ഗതാഗത തടസ്സങ്ങൾ ലഘൂകരിക്കുകയും കാർബൺ ബഹിർഗമനം കുറക്കുകയുമാണ് ലക്ഷ്യം.