‘ഹിസ്ബുല്ലയുടെ ശക്തി ദുര്‍ബലമായിട്ടില്ല’ ഇസ്‌റാഈലിനെ ഓര്‍മിപ്പിച്ച് റഷ്യ; ലബനാന് പിന്തുണയുമായി കൂടുതല്‍ രാജ്യങ്ങള്‍
ജറൂസലേം: ഇസ്‌റാഈല്‍ ആക്രമണം ശക്തമാകുന്ന ലബനാന് പിന്തുണയുമായി കൂടുതല്‍ രാജ്യങ്ങള്‍. ഹിസ്ബുല്ലയുടെ ശക്തി ദുര്‍ബലമായിട്ടില്ലെന്നും ഇസ്‌റാഈലിനെതിരേ ആക്രമണം നടത്താന്‍ അവര്‍ ഇപ്പോഴും സംഘടിതരാണെന്നും റഷ്യ പറഞ്ഞു. ഹിസ്ബുല്ല നേതാവ് ഹസന്‍ നസ്‌റുല്ല കൊല്ലപ്പെട്ടതോടെ അവര്‍ക്കിടയില്‍ ഭിന്നതയുണ്ടെന്നും അവര്‍ വിഭജിക്കപ്പെട്ടുവെന്നും ഇസ്‌റാഈല്‍ പ്രതിരോധ മന്ത്രി പറഞ്ഞിരുന്നു. ഇതിനുമറുപടിയായാണ് റഷ്യ ഇക്കാര്യം വ്യക്തമാക്കിയത്. ലബനാനില്‍ നടക്കുന്നത് അധിനിവേശമാണെന്ന് സ്‌പെയിന്‍ വിശദീകരിച്ചു.
നേരത്തെ ഉപയോഗിച്ച ആക്രമണം എന്ന പദത്തിന് പകരം അധിനിവേശം എന്നാണ് സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാന്‍ഷ് ഇസ്‌റാഈല്‍ ആക്രമണത്തെ വിശേഷിപ്പിച്ചത്. മൂന്നാം രാജ്യത്തിന്റെ അധിനിവേശമാണ് നടക്കുന്നതെന്ന് വ്യക്തമാണെന്നും ലബനാനില്‍ നടക്കുന്നത് അതാണെന്നും സോഷ്യലിസ്റ്റ് പ്രധാനമന്ത്രിയായ അദ്ദേഹം പാര്‍ലമെന്റില്‍ പറഞ്ഞു. ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ച്ചി സഊദി അറേബ്യന്‍ വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാനുമായി റിയാദില്‍ കൂടിക്കാഴ്ച നടത്തി.
ലബാനിലേക്ക് ദുരിതാശ്വാസ വസ്തുക്കളുമായി യൂറോപ്യന്‍ യൂനിയന്റെ വിമാനമയക്കും. ആദ്യ വിമാനം നാളെ ബെയ്‌റൂത്തിലെത്തുമെന്ന് യൂറോപ്യന്‍ കമ്മിഷണര്‍ ഉര്‍സുല വോന്‍ ഡെര്‍ ലെയന്‍ അറിയിച്ചു. 3.3 കോടി ഡോളറിന്റെ സഹായ വസ്തുക്കളാണ് ലബനാനിലെത്തിക്കുക. കഴിഞ്ഞ ആഴ്ചയാണ് യൂറോപ്യന്‍ യൂനിയന്‍ ഇക്കാര്യത്തില്‍ തീരുമാനത്തിലെകത്തിയത്.
ഇതിനിടെ ലബനാനില്‍ നിന്ന് തുര്‍ക്കി പൗരന്മാരെ ഒഴിപ്പിക്കാന്‍ തുടങ്ങി. 2000 പേര്‍ക്ക് യാത്ര ചെയ്യാവുന്ന രണ്ട് യുദ്ധക്കപ്പലുകളിലാണ് തുര്‍ക്കി പൗരന്മാരെ ഒഴിപ്പിക്കുന്നത്. ലബനാനിലെ എംബസിയിലെ ജീവനക്കാരുടെ ബന്ധുക്കളെ ബ്രിട്ടന്‍ തിരിച്ചുവിളിച്ചു.