ക്യൂബ ഇരുട്ടില്‍; പവര്‍ എമര്‍ജന്‍സി പ്രഖ്യാപിച്ചു; സ്കൂളുകളും വ്യവസായ ശാലകളും അടച്ചുപൂട്ടി

0

ഹവാന: തുടർച്ചയായ രണ്ടാം ദിനവും ലാറ്റിനമേരിക്കൻ രാജ്യമായ ക്യൂബ ഇരുട്ടില്‍. രാജ്യത്തെ പ്രധാനപ്പെട്ട ഊർജോത്പാദന കേന്ദ്രമായ അന്റോണിയോ ഗുട്ടെറസ് പവർ പ്ലാന്റ് വെള്ളിയാഴ്ച സാങ്കേതിക തകരാറിലായതോടെയാണ് ക്യൂബ ഇരുട്ടിലായത്.

ആദ്യം തകർന്നതിനു ശേഷം നന്നാക്കിയ ഇലക്‌ട്രിക്കല്‍ ഗ്രിഡ് വീണ്ടും തകർന്നതാണ് വൈദ്യുതി വിതരണം പൂർണ്ണമായും നിലയ്ക്കാൻ കാരണം. വൈദ്യുതി മുടക്കം പതിവായതോടെ ക്യൂബയിലെ ജനങ്ങള്‍ ദുരിതത്തിലായി.

പ്രശ്നങ്ങള്‍ പരിഹരിച്ച്‌ ഉടൻ വൈദ്യുതി വിതരണം ആരംഭിക്കുമെന്നാണ് സർക്കാർ വക്താക്കള്‍ പറയുന്നത്. കമ്മ്യൂണിസ്റ്റ് രാജ്യമായ ക്യൂബയിലെ ഏറ്റവും വലിയ പവർ പ്ലാൻ്റുകളിലൊന്ന് തകരാറിലായതിനെത്തുടർന്ന് വെള്ളിയാഴ്ച ഉച്ചയോടെയാണ് ഇലക്‌ട്രിക്കല്‍ ഗ്രിഡ് ആദ്യം തകർന്നത്. ഒരുകോടി ആളുകളാണ് വൈദ്യുതിയില്ലാതെ ബുദ്ധിമുട്ടുന്നതെന്നും മാധ്യമങ്ങള്‍ പറയുന്നു. വൈദ്യുതി മുടക്കത്തെ തുടർന്ന് സ്കൂളുകളും വ്യവസായ ശാലകളും അടച്ചുപൂട്ടിയെന്നും രാജ്യത്ത് പവര്‍ എമര്‍ജന്‍സി പ്രഖ്യാപിച്ചെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞയാഴ്ച വീശിയടിച്ച മില്‍ട്ടണ്‍ ചുഴലിക്കാറ്റിനെ തുടർന്നാണ് പവർപ്ലാന്റുകളുടെ പ്രവർത്തനം താളം തെറ്റിയത്. വെനസ്വേല, റഷ്യ, മെക്സിക്കോ എന്നിവ ക്യൂബയിലേക്കുള്ള ഇന്ധന കയറ്റുമതി കുറച്ചതിനാല്‍ കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്. വെനസ്വേല ഈ വർഷം ക്യൂബയിലേക്കുള്ള സബ്‌സിഡി ഇന്ധനത്തിൻ്റെ പകുതിയോളം വെട്ടിക്കുറച്ച‌തിനാല്‍ രാജ്യത്ത് വിലക്കയറ്റമുണ്ടായി.

You might also like