ഇസ്രായേലിന് നേരെ വീണ്ടും ഹിസ്ബുള്ളയുടെ ആക്രമണം; പതിച്ചത് 165ലേറെ മിസൈലുകൾ
ന്യൂഡൽഹി:ഇസ്രായേലിന് നേരെ പുതിയ ആക്രമണം നടത്തി ലെബനൻ ആസ്ഥാനമായുള്ള ഭീകര സംഘടനയായ ഹിസ്ബുള്ള. രാജ്യത്തിൻ്റെ വടക്കൻ നഗരമായ ഹൈഫയെ ലക്ഷ്യമിട്ട് 165 ലധികം മിസൈലുകൾ വിക്ഷേപിച്ചു. ഒട്ടേറെ സാധാരണക്കാർക്ക് പരിക്കേൽക്കുകയും പ്രദേശത്തെ കെട്ടിടങ്ങൾക്കും വാഹനങ്ങൾക്കും കേടുപാടുകൾ വരുത്തുകയും ചെയ്തുവെന്ന് ടൈംസ് ഓഫ് ഇസ്രായേൽ റിപ്പോർട്ട് ചെയ്തു ആക്രമണത്തിൽ ഒരു കുട്ടിയടക്കം നാല് പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
ഹിസ്ബുള്ള റോക്കറ്റുകളുടെ ബാരേജ് കൂടുതലും ഇസ്രായേലിൻ്റെ പ്രതിരോധ സംവിധാനമായ “അയൺ ഡോം” തടഞ്ഞുവെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ ഹൈഫ ബേയിലെ ജനവാസ മേഖലകളിൽ ആക്രമണം നടത്തിയെന്നും പറയപ്പെടുന്നു. ഗലീലിയിൽ റോക്കറ്റുകൾ പതിച്ചതായി ഇസ്രായേൽ ഡിഫൻസ് ഫോഴ്‌സ് (ഐഡിഎഫ്) പറഞ്ഞു. അവയിൽ ചിലത് വ്യോമ പ്രതിരോധ സംവിധാനം തടഞ്ഞു. നിരവധി റോക്കറ്റുകൾ കാർമിയലിലും സമീപ നഗരങ്ങളിലും പതിച്ചു.
ഹൈഫയിൽ നിരവധി കാറുകൾ കത്തിനശിച്ചതായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോകളിൽ അവകാശപ്പെടുന്നു. ഇത് സ്ഥിരീകരിച്ചിട്ടില്ല. വ്യോമാക്രമണത്തിന് തൊട്ടുപിന്നാലെ, അടുത്തിടെ ആക്രമണത്തിന് ഉപയോഗിച്ച ഹിസ്ബുള്ള റോക്കറ്റ് ലോഞ്ചർ ടാർഗെറ്റഡ് ഡ്രോൺ ആക്രമണത്തിൽ നശിപ്പിക്കപ്പെട്ടതായി ഐഡിഎഫ് അവകാശപ്പെട്ടു.
ഇറാൻ പിന്തുണയുള്ള അംഗങ്ങൾക്ക് നേരെയുള്ള പേജർ, വോക്കി-ടോക്കി ആക്രമണങ്ങൾക്ക് പിന്നിൽ ടെൽ അവീവ് ആണെന്ന് ബെഞ്ചമിൻ നെതന്യാഹു ആദ്യമായി സമ്മതിച്ചതിന് തൊട്ടുപിന്നാലെയാണ് ഇസ്രയേലിനെതിരായ ഏറ്റവും വലിയ റോക്കറ്റ് ആക്രമണങ്ങളിലൊന്നെന്ന് പറയപ്പെടുന്ന ആക്രമണമെന്നത് ശ്രദ്ധേയമാണ്. സ്‌ഫോടകവസ്തുക്കൾ അടങ്ങിയ ആയിരക്കണക്കിന് പേജറുകൾ ലെബനനിലുടനീളം അവരുടെ ഹിസ്ബുള്ള അംഗങ്ങൾക്ക് നേരെ പൊട്ടിത്തെറിച്ചു. സംഭവങ്ങളിൽ കുറഞ്ഞത് 39 പേർ കൊല്ലപ്പെടുകയും 3,000-ത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.