യു.എസിലെ ലോസ് ആഞ്ചലസിൽ സർവനാശം വിതച്ച് ശമനമില്ലാതെ കാട്ടുതീ. മരണം 10 ആയി.
വാഷിംഗ്ടൺ: യു.എസിലെ ലോസ് ആഞ്ചലസിൽ സർവനാശം വിതച്ച് ശമനമില്ലാതെ കാട്ടുതീ. മരണം 10 ആയി. വീടും സമ്പാദ്യവും ഉപേക്ഷിച്ച് ജനം ജീവനും കൊണ്ട് രക്ഷപ്പെടുകയാണ്. 10,000 ത്തിലേറെ കെട്ടിടങ്ങൾ ഇതുവരെ നശിച്ചു. അഞ്ച് പള്ളികളും ഒരു സിനഗോഗും ഏഴ് സ്കൂളുകളും രണ്ട് ലൈബ്രറികളും ഇതിൽപ്പെടുന്നു. ചൊവ്വാഴ്ച മുതൽ പടരുന്ന കാട്ടുതീ ഏകദേശം 36,000 ഏക്കറിലേറെ പ്രദേശം ചുട്ടെരിച്ചു.
പസഫിക് പാലിസേഡ്സ്, ആൾട്ടഡീന, പാസഡീന, സിൽമർ തുടങ്ങിയ പ്രദേശങ്ങളിലാണ് നിലവിൽ കാട്ടുതീ സജീവം. ഹോളിവുഡ് ഹിൽസിൽ പടർന്ന കാട്ടുതീ നിയന്ത്രണ വിധേയമാണെന്ന് അധികൃതർ വ്യക്തമാക്കി. വരണ്ട കാറ്റ് ശക്തി പ്രാപിക്കുമെന്നതിനാൽ തീ കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിച്ചേക്കാമെന്ന് മുന്നറിയിപ്പുണ്ട്. അതേസമയം, ഇന്നലെ ലോസ് ആഞ്ചലസ്, വെഞ്ചുറ പ്രവിശ്യകളിലുണ്ടായ കാട്ടുതീയ്ക്ക് കാരണം മനുഷ്യ ഇടപെടലാണെന്ന് റിപ്പോർട്ടുണ്ട്. എന്നാൽ മനപ്പൂർവ്വമാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിനിടെ വ്യാപക മോഷണവും ദുരന്ത ബാധിത മേഖലകളിൽ റിപ്പോർട്ട് ചെയ്തു. 20ഓളം പേർ അറസ്റ്റിലായി. പ്രദേശത്ത് കർഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്.