
ചന്ദ്രനെക്കുറിച്ച് ഇനി കൂടുതലറിയാം ; ബ്ലൂ ഗോസ്റ്റ് വിജയകരമായി ചന്ദ്രോപരിതലം തൊട്ടു
ന്യൂയോർക്ക്: ഇരട്ട ചാന്ദ്ര പര്യവേക്ഷണ പേടകങ്ങളായ ബ്ലൂ ഗോസ്റ്റ് ലാൻഡര്‍ ദൗത്യം വിജയം. ചന്ദ്രനില്‍ സുരക്ഷിതമായി ഇറങ്ങുന്ന രണ്ടാമത്തെ സ്വകാര്യ ലാന്‍ഡറാണ് ബ്ലൂ ഗോസ്റ്റ്. ചന്ദ്രനിലിറങ്ങിയ ആദ്യ സ്വകാര്യ ലാൻഡർ ഒഡീസിയസ് ആണ്. ബ്ലൂ ഗോസ്റ്റ് ചന്ദ്രന്റെ സാംപിള്‍ എടുക്കുകയും ഭൂമിയുടെ കാന്തികമണ്ഡലത്തിന്‍റെ എക്സ്‌റേ ചിത്രം പകര്‍ത്തുകയും ചെയ്യും.
അമേരിക്കന്‍ കമ്പനിയായ ഫയര്‍ഫ്ലൈ എയ്റോസ്പേസാണ് ബ്ലൂ ഗോസ്റ്റ് ലാന്‍ഡറിന്‍റെ നിര്‍മാതാക്കള്‍. ചന്ദ്രനിൽ സുരക്ഷിതമായ ലാൻഡിങ്ങ് സമ്പൂർണ വിജയമാക്കുന്ന ആദ്യ സ്വകാര്യ കമ്പനി എന്ന നേട്ടം കൂടിയാണ് ഫയർ ഫ്‌ളൈ എയ്‌റോസ്‌പേസ് സ്വന്തമാക്കിയത്.
ജനുവരി 15ന് നാസയുടെ സഹായത്തോടെ സ്പേസ് എക്സ് വിക്ഷേപിച്ച ബ്ലൂ ഗോസ്റ്റ് ചന്ദ്ര സമതലമായ മേർ ക്രിസിയത്തിലാണ് ഇറങ്ങിയത്. ചന്ദ്രനുമായി ബന്ധപ്പെട്ട വാണിജ്യ പര്യവേഷത്തില്‍ ഒരു വലിയ നാഴികല്ലായി മറാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ടെന്ന് ഫയര്‍ ഫ്‌ളൈ പ്രതികരിച്ചു. ദൗത്യം വിജയകരമായെന്ന് അറിയിച്ചുകൊണ്ടുള്ള എക്‌സ് പോസ്റ്റിലാണ് ഫയര്‍ ഫ്‌ളൈയുടെ പ്രതികരണം. ബ്ലൂ ഗോസ്റ്റ് ദൗത്യം ചന്ദ്രനും ചൊവ്വയും കേന്ദ്രീകരിച്ചുള്ള ഭാവി പര്യവേഷണങ്ങളില്‍ നിര്‍ണായകമാകും എന്നും കമ്പനി അവകാശപ്പെട്ടു