ഹമാസിനെ ഭീകര സംഘടനയായി പ്രഖ്യാപിക്കണം : ഇന്ത്യക്കുമേല്‍ സമ്മര്‍ദ്ദം ചെലുത്തി ഇസ്രായേല്‍

0

ന്യൂഡല്‍ഹി: ഗാസ മുനമ്പില്‍ നിന്ന് ഹമാസിനെ തുടച്ചുനീക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നതിനിടെ, ഭീകര സംഘടനയായി പ്രഖ്യാപിക്കണമെന്ന് ഇന്ത്യക്കുമേല്‍ ഇസ്രായേലിന്റെ സമ്മര്‍ദ്ദം.

തീവ്രവാദത്തില്‍ ഇസ്രായേലിന് നിരുപാധിക പിന്തുണ നല്‍കിയിട്ടും, 2023 ഒക്ടോബര്‍ 7 ന് ഇസ്രായേലിനെതിരായ ഭീകരാക്രമണങ്ങളെ ശക്തമായി അപലപിച്ചിട്ടും, യുഎസും യൂറോപ്യന്‍ യൂണിയനും ഉള്‍പ്പെടെ നിരവധി രാജ്യങ്ങള്‍ ഹമാസിനെ ഭീകര സംഘടനയായി പ്രഖ്യാപിച്ചിട്ടും ഇന്ത്യ ഹമാസിനെ നിരോധിച്ചിട്ടില്ല.

കഴിഞ്ഞ മാസം ‘കശ്മീര്‍ ഐക്യദാര്‍ഢ്യ ദിനം’ ആഘോഷിക്കുന്നതിനായി നിരവധി ഹമാസ് നേതാക്കള്‍ പാക് അധീന കശ്മീരില്‍ (പിഒകെ) ഉണ്ടായിരുന്നതാണ് സംഘടനയെ ഭീകര സംഘടനയായി പട്ടികപ്പെടുത്താന്‍ ആവശ്യപ്പെട്ടതിന് പിന്നിലെ ഇപ്പോഴത്തെ കാരണം. ലഷ്‌കര്‍-ഇ-തൊയ്ബ (എല്‍ഇടി), ജയ്ഷ്-ഇ-മുഹമ്മദ് (ജെഎം) തുടങ്ങിയ ഐക്യരാഷ്ട്രസഭ നിരോധിത ഭീകര സംഘടനകളിലെ അംഗങ്ങള്‍ക്കൊപ്പം ഹമാസ് നേതാക്കളും പിഒകെയിലേക്ക് പോയത് ആദ്യമായിട്ടാണെന്ന് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. ഇസ്രായേല്‍ ഇന്ത്യന്‍ അധികാരികളുമായി ഈ വിഷയം ചര്‍ച്ച ചെയ്തതായാണ് വിവരം.

2023 ല്‍, മുംബൈ ആക്രമണം നടത്തിയ പാകിസ്ഥാന്‍ ആസ്ഥാനമായുള്ള എല്‍ഇടിയെ ഇസ്രായേല്‍ നിരോധിച്ചിരുന്നു. ഹമാസിന്റെ ഭീകര പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ഇന്ത്യയ്ക്ക് കൈമാറിയിട്ടുണ്ടെന്ന് പറഞ്ഞുകൊണ്ട്, ഇന്ത്യയും ഹമാസിനെ നിരോധിക്കുമെന്ന് അന്നത്തെ ഇന്ത്യയിലെ ഇസ്രായേല്‍ അംബാസഡര്‍ നൗര്‍ ഗിലോണ്‍ പ്രത്യാശ പ്രകടിപ്പിച്ചിരുന്നു.

You might also like