
കാനഡയിലെ സ്വകാര്യ മേഖലയിലെ ജീവനക്കാരുടെ മിനിമം വേതന നിരക്ക് സർക്കാർ വർധിപ്പിച്ചു
ഒട്ടാവ : കാനഡയിലെ സ്വകാര്യ മേഖലയിലെ ജീവനക്കാരുടെ ഫെഡറൽ മിനിമം വേതന നിരക്ക് സർക്കാർ വർധിപ്പിച്ചു. ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വന്ന ഈ തീരുമാനം ബാങ്കിങ്, ഗതാഗതം, ടെലികോം വ്യവസായം തുടങ്ങി ഫെഡറൽ നിയന്ത്രണത്തിലുള്ള കാനഡയിലെ വിവിധ മേഖലകളിൽ ജോലി ചെയ്യുന്ന ആയിരക്കണക്കിന് ഇന്ത്യൻ വിദ്യാർഥികൾക്കും പ്രഫഷനലുകൾക്കും ഗുണം ചെയ്യും.
വേതനം മണിക്കൂറിന് 17.30 കനേഡിയൻ ഡോളറായിരുന്നത് 2.4 ശതമാനം വർധിപ്പിച്ച് 17.75 ഡോളറായാണ് ഉയർത്തിയത്. കാനഡയുടെ വാർഷിക ഉപഭോക്തൃ വില സൂചികയുടെ അടിസ്ഥാനത്തിലാണ് ഈ നടപടി. ഇതിന്റെ അടിസ്ഥാനത്തിൽ ഓരോ വർഷവും ഏപ്രിൽ 1ന് മുൻ വർഷത്തെ അപേക്ഷിച്ച് ഫെഡറൽ മിനിമം വേതന നിരക്ക് ക്രമീകരിക്കാറുണ്ട്.
“ഫെഡറൽ മിനിമം വേതനം കനേഡിയൻ തൊഴിലാളികൾക്കും ബിസിനസുകൾക്കും ഒരുപോലെ സ്ഥിരതയും ഉറപ്പും നൽകുന്നു. കൂടാതെ രാജ്യത്തുടനീളമുള്ള വരുമാന അസമത്വം കുറയ്ക്കുന്നതിനും ഇത് സഹായിക്കും. ഇന്നത്തെ വർധനവ് കൂടുതൽ ന്യായമായ ഒരു സമ്പദ്‌വ്യവസ്ഥ കെട്ടിപ്പടുക്കുന്നതിനുള്ള ഒരു ചുവടുവയ്പ്പാണ്” – കാനഡയുടെ തൊഴിൽ, തൊഴിൽ ശക്തി വികസനം, തൊഴിൽ മന്ത്രി സ്റ്റീവൻ മക്കിന്നൻ പറഞ്ഞു.