
പഠനം പാതിവഴിയിൽ അവസാനിപ്പിക്കേണ്ട അവസ്ഥ : സ്റ്റുഡന്റ് വിസ റദ്ദാക്കിയ ട്രംപ് ഭരണകൂടത്തിന്റെ നടപടിക്കെതിരെ വിദ്യാർഥികൾ കോടതിയിൽ
വാഷിങ്ടൺ: യു.എസിൽ സ്റ്റുഡന്റ് വിസ റദ്ദാക്കിയ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഭരണകൂടത്തിന്റെ നടപടിക്കെതിരെ ഇന്ത്യക്കാരടക്കമുള്ള വിദ്യാർഥികൾ കോടതിയിൽ. ന്യൂ ഇംഗ്ലണ്ടിലെയും പോർട്ടോ റികോയിലെയും 100ലേറെ വിദ്യാർഥികളാണ് ന്യൂ ഹാംഷെയർ ഫെഡറൽ കോടതിയെ സമീപിച്ചത്. വിദ്യാർഥികൾക്കു വേണ്ടി അമേരിക്കൻ സിവിൽ ലിബർട്ടീസ് യൂനിയനുമായി (എ.സി.എൽ.യു) ബന്ധമുള്ള സംഘടനകൾ ഹരജി സമർപ്പിക്കുകയായിരുന്നു. മുന്നറിയിപ്പില്ലാതെ എഫ്-1 സ്റ്റുഡന്റ് വിസ റദ്ദാക്കിയത് കാരണം പഠനം പാതിവഴിയിൽ അവസാനിപ്പിക്കേണ്ട അവസ്ഥയിലാണെന്ന് വിദ്യാർഥികൾ ഹരജിയിൽ ചൂണ്ടിക്കാട്ടി.
ന്യൂ ഹാംഷെയറിലെ റിവിയർ സർവകലാശാലയിൽനിന്ന് കമ്പ്യൂട്ടർ സയൻസിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കാനും വിദേശ വിദ്യാർഥികൾക്കുള്ള തൊഴിൽ പദ്ധതിയിലൂടെ യു.എസിൽ തുടരാനും അപേക്ഷിക്കാനിരിക്കെയാണ് ഇന്ത്യക്കാരനായ മണികണ്ഠ പസുലയുടെ വിസ ഭരണകൂടം റദ്ദാക്കിയത്.