ഇന്ത്യയിൽ നിന്നെത്തി ക്വാറന്റൈൻ പൂർത്തിയാക്കിയ വിക്ടോറിയക്കാരന് കൊവിഡ് സ്ഥിരീകരിച്ചു, മെൽബണിൽ ജാഗ്രത

0

മെൽബൺ : ഇന്ത്യയിൽ നിന്ന് മാലദ്വീപും സിംഗപ്പൂരും വഴി അഡ്ലൈഡിലേക്ക് എത്തിയയാൾക്കാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. 30 വയസിനു മേൽ പ്രായമുള്ള പുരുഷനാണ് ഇത്.

അഡ്ലൈഡിലെ പ്ലേഫോർഡ് മെഡി ഹോട്ടലിൽ ക്വാറന്റൈൻ പൂർത്തിയാക്കിയ ഇയാൾ, മേയ് നാലിന് മെൽബണിലേക്ക് എത്തിയിരുന്നു. വടക്കൻ മെൽബണിലെ വോളറ്റ് (Wollert) സ്വദേശിയാണ് ഇയാൾ. നാലു ദിവസത്തിനു ശേഷം മേയ് എട്ടിനാണ് ഇയാൾക്ക് രോഗലക്ഷണങ്ങൾ തുടങ്ങിയത്. തുടർന്നുള്ള പരിശോധനയിൽ കൊവിഡ് ബാധ സ്ഥിരീകരിക്കുകയാണ് ഉണ്ടായത്.

അഡ്ലൈഡിലെ ഹോട്ടൽ ക്വാറന്റൈനിൽ കഴിയുമ്പോൾ ഇയാൾക്ക് വൈറസ് ബാധ കണ്ടെത്തിയിരുന്നില്ല. പരിശോധനയിലെല്ലാം നെഗറ്റീവ് ഫലമായിരുന്നു. ഈ സാഹചര്യത്തിൽ, എവിടെ നിന്നാണ് ഇയാൾക്ക് വൈറസ് ബാധിച്ചത് എന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതർ.

ക്വാറന്റൈൻ ഹോട്ടലിൽ വച്ചാണോ വൈറസ് ബാധിച്ചത്, അതോ ഇന്ത്യയിൽ നിന്നാണോ എന്ന് തിരിച്ചറിയാൻ വൈറസിന്റെ ജനിതക പരിശോധനയും നടത്തുന്നുണ്ട്. ഇയാളുടെ വീട്ടിലുള്ള മറ്റു മൂന്ന് അംഗങ്ങൾക്കും പരിശോധന നടത്തിയെങ്കിലും, എല്ലാവരും കൊവിഡ് നെഗറ്റീവാണ്.

ഇയാൾ നിരവധി സ്ഥലങ്ങൾ സന്ദർശിച്ചിരുന്നതായി വിക്ടോറിയൻ ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ട്. ഈ പ്രദേശങ്ങളിലെല്ലാം മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. ഇന്ത്യൻ വംശജരുടെ സ്ഥാപനങ്ങൾ ഇതിൽ ഉൾപ്പെടുന്നു.

മുന്നറിയിപ്പ് നൽകിയിരിക്കുന്ന പ്രദേശങ്ങൾ ഇവയാണ്:

  • കറി വോൾട്ട് ഇന്ത്യൻ റെസ്റ്റോറനറ്, മെൽബൺ – മേയ് 7 വെള്ളി 6.30pm – 9.30pm
  • എപ്പിംഗ് ഇന്ത്യാഗേറ്റ് സ്പൈസസ് – മേയ് 6 വ്യാഴം 5.00pm – 6.00pm
  • എപ്പിംഗ് വൂൾവർത്സ് – മേയ് 8 ശനി 5.40pm – 6.38pm
  • The TIC Group (front office) – മേയ് 6

ഈ സ്ഥലങ്ങളിലും സമയങ്ങളിലും ഉണ്ടായിരുന്നവർ അടിയന്തരമായി ക്വാറന്റൈൻ ചെയ്യുകയും, പരിശോധന നടത്തുകയും വേണം. അവർ ആരോഗ്യവകുപ്പിനെ ബന്ധപ്പെടണമെന്നും നിർദ്ദേശമുണ്ട്.

എപ്പിംഗ് ഇന്ത്യാഗേറ്റ് സ്പൈസസിൽ രോഗബാധിതന്റെ സന്ദർശനത്തെക്കുറിച്ച് വ്യത്യസ്ത തീയതികളാണ് ആദ്യം വിക്ടോറിയൻ ആരോഗ്യവകുപ്പ് പ്രസിദ്ധീകരിച്ചതെങ്കിലും, മേയ് ആറ് വ്യാഴമാണ് ഇതെന്ന് പിന്നീട് സ്ഥിരീകരിച്ചിട്ടുണ്ട്. മേയ് ആറിന് TIC Group ന്റെ വെയർ ഹൗസിലും, മേയ് 6 വൈകിട്ട് 6.30 മുതൽ 7.00 വരെയും, മേയ് എട്ട് രാവിലെ 11.10 മുതൽ 11.40 വരെയും എപ്പിംഗ് ഹൈ സ്ട്രീറ്റിലെ 7-11ലും ഉണ്ടായിരുന്നവരും പരിശോധന നടത്തുകയും ഐസൊലേറ്റ് ചെയ്യുകയും വേണം.

You might also like