ക്വീൻസ്ലാന്റിൽ ദയാവധം നിയമവിധേയമാക്കാനുള്ള ബിൽ അടുത്തയാഴ്ച പാർലമെന്റിൽ
ബ്രിസ്ബൻ : ദയാവധം നിയമവിധേയമാക്കുവാനുള്ള ബിൽ അടുത്തയാഴ്ച ക്വീൻസ്ലാൻറ് പാർലമെന്റിൽ അവതരിപ്പിക്കുമെന്ന് പ്രീമിയർ അനസ്താഷ്യ പാലാഷേ.
ഇതേക്കുറിച്ചുള്ള അന്തിമ റിപ്പോർട്ടും ഡ്രാഫ്റ്റ് ബില്ലും ലോ റീഫോം കമ്മീഷൻ അറ്റോണി ജനറലിന് കൈമാറിയിരുന്നു. ഈ റിപ്പോർട്ട് ചൊവ്വാഴ്ച പുറത്തുവിടുമെന്നും എല്ലാ ക്വീൻസ്ലാന്റുകാരും ഇത് വായിക്കണമെന്നും പാലാഷേ ആവശ്യപ്പെട്ടു.
ബില്ലിന്മേലുള്ള ചർച്ചകൾ സെപ്തംബർ മാസം പാർലമെന്റിൽ നടക്കും. സർക്കാർ എം പി മാർക്കും വോട്ട് ചെയ്യാൻ അവസരമുണ്ടാകും.
ദയാവധം സ്വീകരിക്കാൻ വേണ്ട മാനദണ്ഡങ്ങളും ക്വീൻസ്ലാൻറ് ലോ റീഫോം കമ്മീഷൻ മുൻപോട്ടു വച്ചിട്ടുണ്ട്.
- ഗുരുതരമായ രോഗാവസ്ഥയിൽ കഴിയുന്ന, 12 മാസത്തിൽ മരണം പ്രതീക്ഷിക്കുന്നവർ. (അർഹമായ രോഗാവസ്ഥകൾക്ക് ബാധകം )
- ജീവിതം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് സ്വന്തമായി തീരുമാനങ്ങൾ എടുക്കാൻ പ്രാപ്തമാകണം
- ദയാവധത്തിനായി സ്വയം തീരുമാനിക്കണം. നിർബന്ധത്തിന് വഴങ്ങിയാവരുത് തീരുമാനം.
- 18 വയസ്സിന് മേൽ പ്രായം വേണം
- ഓസ്‌ട്രേലിയൻ പൗരനോ പെർമനന്റ് റെസിഡന്റോ ആണെന്നും, കുറഞ്ഞത് ഒരു വർഷമെങ്കിലും ക്വീൻസ്ലാന്റിൽ താമസിക്കുന്നയാളാണെന്നും തെളിയിക്കണം
സ്വന്തം മുത്തശ്ശി അവസാന നാളുകളിൽ നേരിട്ട ബുദ്ധിമുട്ടുകൾ ഹൃദയഭേദകമായിരുന്നെന്നും ഇത് ആർക്കും കണ്ടു നിൽക്കാൻ കഴിയുന്നതല്ലെന്നും അനസ്താഷ്യ പാലാഷേ പറഞ്ഞു. ഇതാണ് ഈ തീരുമാനത്തിലേക്ക് നയിച്ചതെന്നും പ്രീമിയർ പറഞ്ഞു.
2019ൽ വിക്ടോറിയയിൽ ദയാവധം നിയമവിധേയമാക്കിയിരുന്നു. വെസ്റ്റേൺ ഓസ്‌ട്രേലിയയിൽ ഈ വര്ഷം മധ്യത്തോടെ നിയമം നടപ്പിലാക്കും.
ദയാവധം നിയമവിധേയമാക്കാനുള്ള ബിൽ കഴിഞ്ഞ ദിവസം സൗത്ത് ഓസ്‌ട്രേലിയൻ പാർലമെന്റിന്റെ ഉപരിസഭയിൽ പാസായി. ദയാവധം നിയമവിധേയമാക്കുന്നതിനുള്ള ബിൽ ടാസ്‌മേനിയൻ പാർലമെന്റിൽ പാസായിരുന്നു. ന്യൂ സൗത്ത് വെയിൽസിലും ഇതിനായുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്.