
പശ്ചിമേഷ്യൻ സംഘർഷം ഗൾഫ് രാജ്യങ്ങളിലേക്ക് വ്യാപിക്കുന്നു.
ദുബായ്: പശ്ചിമേഷ്യൻ സംഘർഷം ഗൾഫ് രാജ്യങ്ങളിലേക്ക് വ്യാപിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ, കുവൈത്ത് എന്നിവിടങ്ങളിലേക്ക് ഇറാൻ നടത്തിയ അതിശക്തമായ വ്യോമാക്രമണത്തിൽ വ്യാപക നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തു. യുഎഇ തലസ്ഥാനമായ അബുദാബിയിലെ അജ്ബാനിൽ മിസൈൽ അവശിഷ്ടങ്ങൾ വീണ് അഞ്ച് ഇന്ത്യക്കാരടക്കം 12 പേർക്ക് പരിക്കേറ്റു. ഏഴ് നേപ്പാൾ സ്വദേശികൾക്കും പരിക്കേറ്റിട്ടുണ്ട്.
ഇതിൽ ഒരാളുടെ നില അതീവ ഗുരുതരമാണെന്നാണ് വിവരം. ഇതോടെ യുഎഇയിൽ ഇറാന്റെ വിവിധ ആക്രമണങ്ങളിലായി പരിക്കേറ്റവരുടെ ആകെ എണ്ണം 203 ആയി ഉയർന്നു. പ്രവാസി സമൂഹത്തിനിടയിൽ വലിയ പരിഭ്രാന്തിയാണ് ഈ സാഹചര്യം സൃഷ്ടിച്ചിരിക്കുന്നത്.അബുദാബിയിലെ അജ്ബാൻ ലക്ഷ്യമിട്ട് നടത്തിയ വൻ മിസൈൽ ആക്രമണം യുഎഇ പ്രതിരോധ മന്ത്രാലയം വിജയകരമായി ചെറുത്തു. 18 ബാലിസ്റ്റിക് മിസൈലുകൾ, നാല് ക്രൂയിസ് മിസൈലുകൾ, 47 ഡ്രോണുകൾ എന്നിവ ഉപയോഗിച്ചായിരുന്നു ഇറാന്റെ ആക്രമണശ്രമം. രാജ്യത്തെ പ്രധാന സൗരോർജ്ജ പ്ലാന്റുകളിലൊന്ന് സ്ഥിതി ചെയ്യുന്ന തന്ത്രപ്രധാന മേഖലയാണ് അജ്ബാൻ.
സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യ ലക്ഷ്യമിട്ട് വന്ന ഏഴ് ഡ്രോണുകൾ സൗദി സൈന്യം വെടിവെച്ചിട്ടതോടെ അവിടെ വലിയ ദുരന്തം ഒഴിവായി.സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ദുബായിലെ പ്രധാന ആരാധനാലയങ്ങൾ താൽക്കാലികമായി അടച്ചു. ദുബായ് ജബൽ അലിയിലെ പുതിയ ഹിന്ദു ക്ഷേത്രം, ബർദുബായിലെ ക്ഷേത്രം, ജബൽ അലിയിലെ ഗുരുനാനാക് ദർബാർ ഗുരുദ്വാര എന്നിവയാണ് അടച്ചത്. വിശ്വാസികളുടെ സുരക്ഷ കണക്കിലെടുത്താണ് അധികൃതരുടെ ഈ തീരുമാനം.
ക്രൈസ്തവ ആരാധനാലയങ്ങളിൽ ദുഃഖവെള്ളി പ്രാർത്ഥനാ ചടങ്ങുകൾ ഓൺലൈനായാണ് നടന്നത്. പള്ളികളിൽ വിശ്വാസികൾ കൂട്ടംകൂടുന്നത് ഒഴിവാക്കാൻ പോലീസ് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ സുരക്ഷാ പട്രോളിംഗ് ശക്തമാക്കി.ഗൾഫ് രാജ്യങ്ങൾക്ക് നേരെയുള്ള ഇറാന്റെ ഈ നീക്കം ആഗോള എണ്ണ വിപണിയെയും സാമ്പത്തിക സുരക്ഷയെയും സാരമായി ബാധിക്കുമെന്നുറപ്പാണ്. യുഎഇയും കുവൈത്തും തങ്ങളുടെ വ്യോമപ്രതിരോധ സംവിധാനങ്ങൾ അതീവ ജാഗ്രതയിലാക്കി. യുഎസ് സൈന്യത്തിന്റെ സഹായത്തോടെ കൂടുതൽ മിസൈൽ പ്രതിരോധ സംവിധാനങ്ങൾ മേഖലയിൽ വിന്യസിച്ചിട്ടുണ്ട്.
