
മിസൈല്‍ ആക്രമണത്തിന് തിരിച്ചടി; ബെയ്‌റൂട്ടിലെ ഹിസ്ബുള്ള ആസ്ഥാനം തകര്‍ത്ത് ഇസ്രയേല്‍ സൈന്യം
ബെയ്‌റൂട്ട്: താല്‍കാലിക വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍ വന്ന് ദിവസങ്ങള്‍ക്കകം ലബനന്‍ തലസ്ഥാനമായ ബെയ്‌റൂട്ടില്‍ ഇസ്രയേലിന്റെ വന്‍ വ്യോമാക്രമണം. തെക്കന്‍ ബെയ്‌റൂട്ടിലെ ദാഹിയ പ്രദേശത്തുള്ള ഹിസ്ബുള്ളയുടെ കമാന്‍ഡ് സെന്ററുകള്‍ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ഇസ്രയേല്‍ അതിര്‍ത്തിക്ക് നേരെ ഹിസ്ബുള്ള നടത്തിയ റോക്കറ്റ് ആക്രമണത്തിനുള്ള തിരിച്ചടിയാണിതെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാറ്റ്‌സും സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു.
ഏപ്രില്‍ പകുതിയോടെ നിലവില്‍ വന്ന താല്‍കാലിക വെടിനിര്‍ത്തല്‍ കരാറിന് ശേഷം ബെയ്‌റൂട്ട് നഗരത്തിന് നേരെ ഉണ്ടാകുന്ന ഏറ്റവും ശക്തമായ ആക്രമണമാണിത്. ഞായറാഴ്ച രാവിലെ ഇസ്രയേലിന്റെ വടക്കന്‍ മേഖലയ്ക്ക് നേരെ രണ്ട് മിസൈലുകള്‍ പാഞ്ഞടുത്തിരുന്നതായും ഇവ വ്യോമ പ്രതിരോധ സംവിധാനം വഴി തകര്‍ത്തതായും ഇസ്രയേല്‍ സൈന്യം വ്യക്തമാക്കി. ഇതിന് പിന്നാലെയാണ് ബെയ്‌റൂട്ടില്‍ ഇസ്രയേല്‍ യുദ്ധവിമാനങ്ങള്‍ ബോംബ് വര്‍ഷിച്ചത്.
പ്രദേശത്തെ രണ്ട് കെട്ടിടങ്ങളിലെ അപ്പാര്‍ട്ടുമെന്റുകള്‍ പൂര്‍ണമായും തകര്‍ത്ത ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റതായി ലബനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
അതേസമയം ഇസ്രായേലിന് നേരെ നടന്ന റോക്കറ്റ് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഹിസ്ബുള്ള ഔദ്യോഗികമായി ഏറ്റെടുത്തിട്ടില്ല
