
ചെര്‍ണോബില്‍ ആണവ ഇന്ധന സംഭരണശാലയ്ക്ക് നേരെ റഷ്യന്‍ ഡ്രോണ്‍ ആക്രമണം; വന്‍ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്
കീവ്: ഉക്രെയ്‌നിലെ ചെര്‍ണോബില്‍ ആണവ വിമുക്ത മേഖലയിലുള്ള പ്രധാന ആണവ ഇന്ധന സംഭരണശാലയ്ക്ക് നേരെ റഷ്യന്‍ ഡ്രോണ്‍ ആക്രമണം. ഞായറാഴ്ച പുലര്‍ച്ചെ 2:10 നാണ് ലോകത്തെ ഏറ്റവും വലിയ ആണവ ദുരന്തത്തിന് സാക്ഷ്യം വഹിച്ച ചെര്‍ണോബില്‍ പവര്‍ പ്ലാന്റിന് 15 കിലോമീറ്റര്‍ അകലെയുള്ള സെന്‍ട്രലൈസ്ഡ് സ്പെന്റ് ഫ്യൂവല്‍ സ്റ്റോറേജ് ഫെസിലിറ്റിക്ക് നേരെ റഷ്യന്‍ ഷഹീദ് ഡ്രോണ്‍ പതിച്ചത്.
ആക്രമണത്തില്‍ ആണവ ഇന്ധന കണ്ടെയ്നറുകള്‍ സ്വീകരിക്കുന്ന കെട്ടിടം ഭാഗികമായി തകരുകയും തീപിടുത്തം ഉണ്ടാകുകയും ചെയ്തു. ആണവ അവശിഷ്ടങ്ങളുടെ അസാന്നിധ്യവും ആക്രമണം നടക്കുമ്പോള്‍ തകര്‍ന്ന കെട്ടിടത്തിനുള്ളില്‍ ആണവ അവശിഷ്ടങ്ങള്‍ സൂക്ഷിച്ചിരുന്നില്ല എന്നതും വന്‍ ദുരന്തം ഒഴിവാകാന്‍ കാരണമായി. കൂടാതെ കെട്ടിടത്തിലുണ്ടായ 40 ചതുരശ്ര മീറ്റര്‍ വ്യാപ്തിയുള്ള തീപിടുത്തം അഗ്‌നിശമന സേനാംഗങ്ങള്‍ വളരെ വേഗത്തില്‍ അണച്ചിരുന്നു.
മേഖലയിലെ റേഡിയേഷന്‍ അളവ് നിലവില്‍ സാധാരണ നിലയിലാണെന്ന് ഉക്രെയ്ന്‍ ആണവ ഏജന്‍സിയും അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. റഷ്യ ബോധപൂര്‍വമാണ് അതിപ്രധാനമായ ഈ ആണവ അടിസ്ഥാന സൗകര്യത്തിന് നേരെ ആക്രമണം നടത്തിയത്. മോസ്‌കോയുടെ ഈ ധിക്കാരപരമായ നടപടി അന്താരാഷ്ട്ര നിയമങ്ങളെ കാറ്റില്‍പ്പറത്തുന്നതും ആണവ സുരക്ഷയെ പൂര്‍ണമായും തകിടം മറിക്കുന്നതുമാണെന്ന് ഉക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കി വ്യക്തമാക്കി
