പാസ്പോര്‍ട്ട് പൗരത്വ രേഖയല്ല, ദേശീയതയുടെ സാക്ഷ്യം മാത്രം: സുപ്രധാന വിശദീകരണവുമായി വിദേശകാര്യ മന്ത്രാലയം

0

ന്യൂഡല്‍ഹി: ഇന്ത്യന്‍ പൗരന്മാര്‍ക്ക് വിതരണം ചെയ്യുന്ന പാസ്പോര്‍ട്ട് എന്നത് കേവലം ഒരു അന്താരാഷ്ട്ര യാത്രാരേഖ മാത്രമാണെന്നും അത് രാജ്യത്തെ പൗരത്വം തെളിയിക്കാനുള്ള അന്തിമമോ നിര്‍ണായകമോ ആയ രേഖയല്ലെന്നും വിദേശകാര്യ മന്ത്രാലയം.

വിദേശത്തായിരിക്കുമ്പോള്‍ ഒരു വ്യക്തിയുടെ ഇന്ത്യന്‍ ദേശീയത സാക്ഷ്യപ്പെടുത്താന്‍ മാത്രമാണ് പാസ്പോര്‍ട്ട് സഹായിക്കുന്നത്.

1967 ലെ പാസ്പോര്‍ട്ട് നിയമം നിലവില്‍ വന്നതിന്റെ ഓര്‍മ്മപ്പെടുത്തലായി രാജ്യം ആചരിക്കുന്ന 14-ാമത് പാസ്പോര്‍ട്ട് സേവാ ദിനത്തിലാണ് വിദേശകാര്യ മന്ത്രാലയത്തിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ ഇക്കാര്യം മാധ്യമങ്ങളോട് വിശദീകരിച്ചത്. പൗരന്മാര്‍ക്ക് മാത്രമാണ് പാസ്പോര്‍ട്ട് അനുവദിക്കുന്നതെങ്കിലും അത് പൗരത്വത്തിന്റെ അന്തിമ തെളിവല്ലെന്ന വിശദീകരണം ഇതിനകം വലിയ ചര്‍ച്ചകള്‍ക്ക് വഴി തുറന്നിരിക്കുകയാണ്. ഇന്ത്യന്‍ പാസ്പോര്‍ട്ടിന്റെ പിന്‍ഭാഗത്ത് ഇത് പൂര്‍ണമായും ഗവണ്‍മെന്റ് ഓഫ് ഇന്ത്യയുടെ സ്വത്ത് ആണെന്നും സര്‍ക്കാര്‍ ആവശ്യപ്പെടുമ്പോള്‍ തിരികെ നല്‍കേണ്ടതാണെന്നും രേഖപ്പെടുത്തിയിട്ടുള്ള കാര്യവും അധികൃതര്‍ ചൂണ്ടിക്കാണിക്കുന്നു.

വ്യാജ പാസ്പോര്‍ട്ടുകള്‍ നിര്‍മിക്കുന്നത് തടയുന്നതിനും ആഗോളതലത്തില്‍ ഇന്ത്യന്‍ പാസ്പോര്‍ട്ടിന്റെ സുരക്ഷയും സ്വീകാര്യതയും വര്‍ധിപ്പിക്കുന്നതിനുമായി ചിപ്പ് ഘടിപ്പിച്ച ഇ-പാസ്പോര്‍ട്ടുകള്‍ വിതരണം ചെയ്യുന്ന പ്രക്രിയ രാജ്യത്ത് വേഗത്തില്‍ പുരോഗമിക്കുകയാണ്. കഴിഞ്ഞ വര്‍ഷം പാസ്പോര്‍ട്ട് സേവാ പരിപാടി നവീകരിച്ചതിന് ശേഷം ഇതുവരെ 1.47 കോടിയിലധികം ഇ പാസ്പോര്‍ട്ടുകള്‍ രാജ്യം വിതരണം ചെയ്തു. നിലവില്‍ രാജ്യത്തുള്ള ആകെ പാസ്പോര്‍ട്ടുകളുടെ പത്ത് ശതമാനവും ഇത്തരം ചിപ്പ് അധിഷ്ഠിത പാസ്പോര്‍ട്ടുകളാണ്. ഇനി മുതല്‍ പുതുതായി അനുവദിക്കുന്ന എല്ലാ പാസ്പോര്‍ട്ടുകളും ഇ പാസ്പോര്‍ട്ടുകള്‍ ആയിരിക്കും

You might also like