
ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കാൻ തയ്യാറെടുത്ത് ട്രംപ്; പുതിയ ആണവകരാർ ഇല്ലാതെ പിന്മാറിയേക്കുമെന്ന് റിപ്പോർട്ട്
വാഷിങ്ടൺ: ഇറാനുമായുള്ള സൈനിക സംഘർഷം അവസാനിപ്പിക്കാൻ നീക്കവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പൂർണമായ ആണവകരാറിൽ അന്തിമ തീരുമാനം ആയില്ലെങ്കിലും തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം പൂർണമായി പുനസ്ഥാപിച്ചാൽ യുദ്ധത്തിൽനിന്ന് പിന്മാറാൻ ട്രംപ് തയ്യാറായേക്കുമെന്ന് പ്രമുഖ അമേരിക്കൻ മാധ്യമമായ ‘വോൾസ്ട്രീറ്റ് ജേണൽ’ റിപ്പോർട്ട് ചെയ്തു.
പ്രദേശത്തെ സൈനിക നടപടികൾ അവസാനിപ്പിക്കാനും നിലവിലുള്ള വെടിനിർത്തൽ ദീർഘിപ്പിക്കാനുമാണ് ട്രംപ് ഭരണകൂടം ലക്ഷ്യമിടുന്നത്. ഇതിനായി ആഴ്ചകളായി അനൗദ്യോഗിക നീക്കങ്ങൾ നടന്നു വരികയാണെന്നും പുതിയ ആണവകരാർ ഇല്ലെങ്കിൽ പോലും യുദ്ധത്തിൽ നിന്ന് പിന്മാറുന്ന കാര്യം മുതിർന്ന സഹായികളോട് ട്രംപ് സൂചിപ്പിച്ചിട്ടുണ്ടെന്നുമാണ് യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
എന്നാൽ ഹോർമുസ് കടലിടുക്ക് വീണ്ടും തുറന്നു നൽകുന്നതുമായി ബന്ധപ്പെട്ട് ഇറാൻ കർശനമായ ഉപാധികളാണ് മുന്നോട്ടുവെച്ചിട്ടുള്ളത്. അമേരിക്കൻ നാവിക ഉപരോധം പൂർണമായി അവസാനിപ്പിക്കുക, മേഖലയിൽ നിന്നുള്ള യുഎസ് സൈനിക പിന്മാറ്റം, ഇറാനെതിരെയുള്ള സാമ്പത്തിക ഉപരോധങ്ങൾ നീക്കം ചെയ്യൽ, മരവിപ്പിച്ച ഇറാനിയൻ ആസ്തികൾ തിരികെ നൽകുക തുടങ്ങിയ നിബന്ധനകളാണ് ഇറാൻ ആവശ്യപ്പെടുന്നത്
