
അമേരിക്കയില്‍ ട്രംപ് ഭരണകൂടത്തിന്റെ പുതിയ നീക്കം ഇന്ത്യന്‍ ഐടി മേഖലയ്ക്ക് തിരിച്ചടിയാകുന്നു
ന്യൂയോര്‍ക്ക്: അമേരിക്കയില്‍ ട്രംപ് ഭരണകൂടത്തിന്റെ പുതിയ നീക്കം ഇന്ത്യന്‍ ഐടി മേഖലയ്ക്ക് തിരിച്ചടിയാകുന്നു. ഗ്രീന്‍ കാര്‍ഡ് നടപടികളിലെ നിര്‍ണായക ഘട്ടമായ പെര്‍മനറ്റ് ലേബര്‍ സര്‍ട്ടിഫിക്കേഷന്‍ (പിഇആര്‍എം) പദ്ധതിയില്‍ നിന്ന് ടാറ്റ, വിപ്രോ, ഇന്‍ഫോസിസ് ഉള്‍പ്പെടെ പ്രമുഖ ഇന്ത്യന്‍ ഐടി കമ്പനികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ് അമേരിക്ക. ഇത് അമേരിക്കയില്‍ ജോലി ചെയ്യുന്ന ആയിരക്കണക്കിന് ഇന്ത്യന്‍ പ്രൊഫഷണലുകളുടെ ഭാവി അവതാളത്തിലാക്കും.
എച്ച്-1 ബി വിസാ വ്യവസ്ഥകള്‍ ദുരുപയോഗം ചെയ്‌തെന്നാരോപിച്ചാണ് നടപടിയെന്നാണ് വിശദീകരണം. മൈക്രോസോഫ്റ്റ്, അഡോബി തുടങ്ങിയ ആഗോള കമ്പനികള്‍ക്കെതിരെയും നടപടിയുണ്ടെന്നാണ് വിവരം. വിഷയത്തില്‍ ഇന്ത്യ അമേരിക്കയെ പ്രതിഷേധം അറിയിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
അമേരിക്കന്‍ പൗരന്മാരുടെ തൊഴിലവസരങ്ങള്‍ വിദേശ തൊഴിലാളികള്‍ കൈയടക്കുന്നുവെന്ന ആരോപണവും നടപടിക്ക് പിന്നിലുണ്ട്. വിദേശ തൊഴിലാളികളെ നിയമിക്കുന്നതിന് കമ്പനികള്‍ കുടിയേറ്റ സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്തതായും ഭരണകൂടം ആരോപിക്കുന്നു.
തൊഴില്‍ ദാതാവ് സ്പോണ്‍സര്‍ ചെയ്യുന്ന ഗ്രീന്‍ കാര്‍ഡ് ലഭിക്കുന്നതിനുള്ള നിര്‍ണായക ഘട്ടമാണ് പിഇആര്‍എം. ഇതിലേക്കുള്ള അപേക്ഷകള്‍ പുതുതായി സ്വീകരിക്കില്ലെന്നും നിലവിലുള്ള അപേക്ഷകളുടെ നടപടികള്‍ മുന്നോട്ട് കൊണ്ടുപോകില്ലെന്നുമാണ് അമേരിക്കന്‍ സര്‍ക്കാരിന്റെ നിലപാട്. ഇതോടെ സ്ഥിര താമസത്തിനായി ഗ്രീന്‍ കാര്‍ഡിനെ ആശ്രയിക്കുന്ന ഇന്ത്യന്‍ ജിവനക്കാര്‍ അനിശ്ചിതത്വത്തിലായേക്കും.
അതേസമയം, നടപടി നിലവിലുള്ള എച്ച്1 ബി വിസകള്‍ സ്വമേധയാ റദ്ദാക്കുന്നതിന് തുല്യമല്ല. ഇന്ത്യക്കാര്‍ക്ക് ഇബി-2, ഇബി-3 വിഭാഗങ്ങളില്‍ ഗ്രീന്‍ കാര്‍ഡ് ലഭിക്കുന്നതിന് ദീര്‍ഘകാലം കാത്തിരിക്കേണ്ടി വരുന്നത് വലിയ വെല്ലുവിളിയാണ്. പുതിയ നിയന്ത്രണം കാത്തിരിപ്പ് കൂടുതല്‍ നീട്ടിയേക്കും
