
ഇൻഡിഗോ വിമാനത്തിനുള്ളിൽ വെച്ച് യാത്രക്കാരന്റെ ലഗേജിൽ സൂക്ഷിച്ച പവർ ബാങ്കിന് തീപിടിച്ചു
ഹൈദരാബാദ്: ഡൽഹിയിൽ നിന്ന് ചെന്നൈയിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനത്തിനുള്ളിൽ വെച്ച് യാത്രക്കാരന്റെ ലഗേജിൽ സൂക്ഷിച്ച പവർ ബാങ്കിന് തീപിടിച്ചു. വിമാനത്തിന്റെ ഓവർഹെഡ് ലഗേജ് കംപാർട്മെന്റിലാണ് തീപിടിത്തമുണ്ടായത്. കാബിൻ ക്രൂ അംഗങ്ങളുടെ സമയോചിതമായ ഇടപെടലിലൂടെ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കിയതായി അധികൃതർ അറിയിച്ചു.
സംഭവത്തെത്തുടർന്ന് ഡൽഹി-ചെന്നൈ റൂട്ടിൽ പറന്ന 6E 6115 നമ്പർ വിമാനം, ഹൈദരാബാദ് ശംഷാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ സുരക്ഷിതമായി ഇറക്കുകയായിരുന്നു. യാത്രക്കാരന്റെ പവർ ബാങ്കിനുണ്ടായ തകരാറുമൂലമാണ് തീപിടത്തമുണ്ടായത്. പുക ഉയർന്നതിനെത്തുടർന്ന് അടിയന്തരമായി ഇടപെടുകയായിരുന്നു. വിമാനത്തിനുള്ളിൽ തീകത്തുന്ന വിഡിയോ പുറത്തുവന്നിട്ടുണ്ട്.
