
യൂണിവേഴ്സിറ്റി ഹോസ്റ്റല്‍ സംഘര്‍ഷം: അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു
തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്സിറ്റി ഹോസ്റ്റലിലുണ്ടായ സംഘര്‍ഷത്തിലും തുടര്‍ന്നുണ്ടായ പോലീസ് നടപടിയിലും അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.
വി. ജോയി എംഎല്‍എയാണ് വിഷയത്തില്‍ പ്രമേയാവതരണത്തിന് നോട്ടീസ് നല്‍കിയത്. പോലീസിന്റെ മര്‍ദ്ദനത്തില്‍ പൊട്ടിയ ലാത്തിയുടെ ഭാഗം പ്രതിപക്ഷം സഭയില്‍ പ്രദര്‍ശിപ്പിച്ചു. പിന്നാലെ ഭരണ-പ്രതിപക്ഷാംഗങ്ങള്‍ തമ്മില്‍ വലിയ വാഗ്വാദമാണ് ഉണ്ടായത്.
തിരുവനന്തപുരത്ത് നടന്നത് ‘സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് നരനായാട്ടാ’ണെന്ന് വി. ജോയ് എംഎല്‍എ കുറ്റപ്പെടുത്തി. കന്റോണ്‍മെന്റ് എസ്.ഐ ഗോകുല്‍ 34 സെക്കന്‍ഡ് കൊണ്ട് 26 തവണയാണ് വിദ്യാര്‍ഥികളെ അടിച്ചത്. മര്‍ദ്ദിക്കാന്‍ പോലീസ് ഉപയോഗിച്ച ലാത്തിയുടെ പൊട്ടിയ ഭാഗം സഭയില്‍ ഉയര്‍ത്തിയാണ് വി. ജോയ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
സഭയില്‍ എംഎല്‍എ ലാത്തിയുടെ ഭാഗം പ്രദര്‍ശിപ്പിച്ചതിന് പിന്നാലെ സ്പീക്കര്‍ ഇടപെട്ടു. ലാത്തിയുടെ ഭാഗം വാങ്ങാന്‍ അദ്ദേഹം വാച്ച് ആന്‍ഡ് വാര്‍ഡിനോട് നിര്‍ദേശിച്ചു. ലാത്തിയുടെ ഭാഗം പരിശോധിക്കുമെന്നും സ്പീക്കര്‍ സഭയെ അറിയിച്ചു
