
വോട്ടിങ് അവകാശം ഉറപ്പാക്കാന് കേന്ദ്ര നീക്കം: കേരളം ഉള്പ്പെടെ 17 സംസ്ഥാനങ്ങളില് വോട്ടര് പട്ടിക പുതുക്കുന്നു; അന്തിമ പട്ടിക ജനുവരി നാലിന്
ന്യൂഡല്ഹി: രാജ്യത്തെ ജനാധിപത്യ പ്രക്രിയ കുറച്ചുകൂടി സുതാര്യവും കാര്യക്ഷമവുമാക്കുന്നതിന്റെ ഭാഗമായി കേരളം ഉള്പ്പെടെ 17 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും പ്രത്യേക വോട്ടര് പട്ടിക പുതുക്കല് (SSR) നടപടികള് ആരംഭിക്കാന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്. മുന്പ് നടന്ന പ്രത്യേക തീവ്ര വോട്ടര് പട്ടിക പുതുക്കല് (SIR) നടപടികളില് ഏതെങ്കിലും കാരണവശാല് പേര് ഒഴിവാക്കപ്പെട്ടുപോയവര്ക്കും, പുതുതായി 18 വയസ് തികഞ്ഞ പുതിയ വോട്ടര്മാര്ക്കും തങ്ങളുടെ പേര് വോട്ടര് പട്ടികയില് ഉള്പ്പെടുത്താന് ഈ നടപടിയിലൂടെ അവസരമൊരുങ്ങും.
1950 ലെ ജനപ്രാതിനിധ്യ നിയമത്തിലെ 21-ാം വകുപ്പ് പ്രകാരമാണ് തിരഞ്ഞെടുപ്പ് കമ്മിഷന് ഈ സമഗ്ര പുതുക്കല് നടപടിക്ക് തുടക്കമിട്ടിരിക്കുന്നത്. 2027 ജനുവരി ഒന്നിന് യോഗ്യതാ തിയതിയായി കണക്കാക്കിയാണ് അര്ഹരായ എല്ലാ പൗരന്മാരെയും പട്ടികയില് ചേര്ക്കുന്നത്. പുതുക്കിയ തിയതി അനുസരിച്ച് തയ്യാറാക്കുന്ന കരട് വോട്ടര് പട്ടിക വരുന്ന നവംബര് 12-ന് ഔദ്യോഗികമായി പ്രസിദ്ധീകരിക്കും. കരട് പട്ടികയുമായി ബന്ധപ്പെട്ട സംശയങ്ങള്, തിരുത്തലുകള്, മറ്റ് ആക്ഷേപങ്ങള് അല്ലെങ്കില് പുതിയ പേര് ചേര്ക്കാനുള്ള അപേക്ഷകള് എന്നിവ സമര്പ്പിക്കാന് നവംബര് 12 മുതല് ഡിസംബര് 11 വരെ സമയം അനുവദിക്കും.
ലഭിക്കുന്ന അപേക്ഷകളും പരാതികളും പരിശോധിച്ച് പരിഹരിച്ച ശേഷം 2027 ജനുവരി നാലിന് അന്തിമ വോട്ടര് പട്ടിക പ്രസിദ്ധീകരിക്കും. നിലവില് SIR നടപടികള് തുടരുന്ന പ്രത്യേക മേഖലകളില് മാത്രം തിയതികളില് മാറ്റമുണ്ടാകും. കേരളത്തിന് പുറമേ തമിഴ്നാട്, ഉത്തര്പ്രദേശ്, ബിഹാര്, പശ്ചിമ ബംഗാള്, ഗുജറാത്ത്, രാജസ്ഥാന്, മധ്യപ്രദേശ്, പഞ്ചാബ്, ഛത്തീസ്ഗഡ്, അസം, ഗോവ, മണിപ്പൂര്, ഉത്തരാഖണ്ഡ് എന്നി സംസ്ഥാനങ്ങളിലും പുതുച്ചേരി, ലക്ഷദ്വീപ്, ആന്ഡമാന് നിക്കോബാര് ദ്വീപുകള് എന്നി കേന്ദ്രഭരണ പ്രദേശങ്ങളിലുമാണ് വോട്ടര് പട്ടിക പുതുക്കല് പ്രക്രിയ ആരംഭിക്കുന്നത്
