ശരീരം തളര്‍ന്നിട്ടും തളരാത്ത മനസ്സുമായി ദീപു ജീവിതവുമായി പടവെട്ടി; കോവിഡ് പ്രതിസന്ധിയില്‍ ഇനിയെന്തെന്നറിയാതെ ഒരു ചെറുപ്പക്കാരന്‍
കോവിഡ് തെരുവിലേക്ക് വലിച്ചെറിഞ്ഞ അനേക ജീവിതങ്ങളില്‍ ഒന്നാണ് ചേര്‍ത്തലയിലെ ദീപു എന്ന് 39 കാരന്റേത്. ശരീരം മുഴുവന്‍ തളര്‍ന്നിട്ടും തോല്‍ക്കാത്ത മനസുമായി ജീവിതത്തോട് പൊരുതിയ ദീപു ഇന്ന് തോല്‍വി സമ്മതിക്കുകയാണ്. കാരണം കോവിഡും ലോക്ഡൗണും അത്രമേല്‍ ജീവിതത്തെ മാറ്റിമറിച്ചിരിക്കുന്നു.
ചേര്‍ത്തല റയില്‍വേ സ്റ്റേഷന് മുന്നില്‍ ദേശീയപാതയോട് ചേര്‍ന്നുള്ള പുറമ്ബോക്കില്‍ അടഞ്ഞ് കിടക്കുന്ന തട്ടുകടകള്‍ക്കുള്ളില്‍ തുടിക്കുന്ന ഒരു ജീവനുണ്ട്. ദീപു എന്നാണ് ആ ചെറുപ്പക്കാരന്റെ പേര്. പേശികള്‍ തളര്‍ത്തുന്ന രോഗത്തോട് തോല്‍ക്കാന്‍ മനസില്ലാതെ തളര്‍ന്ന ശരീരവും കരുത്താര്‍ന്ന മനസുമായി എട്ട് വര്‍ഷം മുമ്ബ് ഇടുക്കിയില്‍ നിന്നും ആലപ്പുഴയിലേക്ക് വണ്ടികയറിയതാണ് ദീപു. നിശ്ചലമായിക്കൊണ്ടിരിക്കുന്ന ശരീരത്തെക്കാള്‍ ജീവിതത്തെ തിരിച്ചടിച്ചത് കോവിഡ് എന്ന മഹാവ്യാധിയാണ്. മനുഷ്യന്‍ വീടുകളിലേക്ക് ചുരുക്കപ്പെട്ടപ്പോള്‍ ഏകവരുമാന മാര്‍ഗമായ ലോട്ടറി വില്‍പ്പന നിലച്ചു. വാടകവീട്ടില്‍ നിന്നും ഇറക്കപ്പെട്ടതോടെ ജീവിതം തെരുവില്‍. ഇരുളില്‍ കരുണയുടെ വെളിച്ചമായാണ് അക്ഷയും മുരുകേശന്‍ ചേട്ടനും തെരുവില്‍ ദീപുവിനെ കണ്ടെത്തിയത്. ദിവസേന എത്തി മുരുകേശനും അക്ഷയുമാണ് ദീപുവിന്‍്റെ കുളിയടക്കമുള്ള പ്രഭാതകര്‍മ്മങ്ങള്‍ നിര്‍വഹിക്കുക. പിന്നീട് തളര്‍ന്ന ദീപുവിനെ രണ്ടാളും ചേര്‍ന്ന് പൊക്കി വാഹനത്തില്‍ ഇരുത്തും.
കാല് ബല്‍റ്റിട്ട് പൂട്ടി ഉറപ്പിച്ചു കൊടുത്താല്‍ ദീപു വാഹനം ഓടിക്കും. പിന്നീട് യാത്ര അക്ഷയുടെ വീട്ടിലേക്കാണ്. അവിടെ എത്തി ഭക്ഷണം കഴിക്കും. ആകെ ഒരു നേരമാണ് ആഹാരം കഴിക്കുക. പിന്നെ മഴയും കാറ്റുമൊക്കെ ഏറ്റ് തട്ടുകടക്കുള്ളില്‍ ഒറ്റയ്ക്കാണ്.
ലോക്ക്ഡൗണ്‍ പ്രതിസന്ധി തുടങ്ങുന്നതിന് മുമ്ബ് ദിവസേന മുന്നൂറോളം ലോട്ടറി ടിക്കറ്റുകള്‍ വിറ്റിരുന്ന ആളാണ് ദീപു. വാടകയടക്കം നല്‍കാന്‍ ആ തുക മതിയായിരുന്നു. റെയില്‍വേ സ്റ്റേഷനോട് ചേര്‍ന്നുള്ള ബസ് സ്റ്റാന്‍ഡില്‍ നിന്ന് തുടങ്ങിയതാണ് അക്ഷയ് എന്ന സകൂള്‍ വിദ്യാര്‍ത്ഥിയുമായുള്ള സൗഹൃദം. ദീപുവാങ്ങി നല്‍കാറുണ്ടായിരുന്ന ചായ കുടിയില്‍ നിന്ന് തുടങ്ങിയ കൂട്ട് ഇന്ന് ദീപുവിന് താങ്ങാണ്. ആ യത്രകളിലെവിടെയോ വന്ന് ചേര്‍ന്നതാണ് മുരുകേശനും.
പരലരാത്രികളിലും പ്ലാസ്റ്റിക്ക് ഷീറ്റുകളുടെ മറവ് തകര്‍ത്ത് തെരുവുനായ്ക്കള്‍ ദീപുവിനെ തേടിയെത്തും, കാലിലെ മുറിവില്‍ നോക്കി നില്‍ക്കും.ഒന്നങ്ങാന്‍ പോലുമാകാതെ ദീപു ഒച്ചയിടും പക്ഷെ അതിനും പരിമിതികളുണ്ട് കാരണം തട്ടുകടയില്‍ നിന്ന് മാറണമെന്ന നിര്‍ദ്ദേശം റെയില്‍വേപ്പോലീസിന്റെതായി ദീപുവിന് ലഭിച്ചു കഴിഞ്ഞു.