അബൂദബിയില്‍ ബിസിനസ് തുടങ്ങാനും പുതുക്കാനും ഇനി ഫീസ് 1,000 ദിര്‍ഹം മാത്രം
അബൂദബി : എമിറേറ്റിലെ ബിസിനസ് സജ്ജീകരണ ഫീസ് ആയിരം ദിര്‍ഹമായി കുറച്ചു. 90 ശതമാനത്തിലധികം കിഴിവാണ് നല്‍കിയിരിക്കുന്നത്. ലൈസന്‍സ് പുതുക്കല്‍ ഫീസും ആയിരം ദിര്‍ഹമായി കുറച്ചിട്ടുണ്ട്. പുതിയ ഫീസ് ചൊവ്വാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും. ഫെഡറല്‍ ഫീസ് നേരത്തെ ഉള്ളത് പോലെ നിലനില്‍ക്കും. അബൂദബി ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി ഉള്‍പ്പെടെ വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളുമായി സഹകരിച്ച് അബൂദബി സാമ്ബത്തിക വികസന വകുപ്പ് നടത്തിയ ശ്രമങ്ങളുടെ ഭാഗമാണ് നടപടി.
എമിറേറ്റിലെ ബിസിനസ് പ്രവര്‍ത്തനം എളുപ്പമാക്കുകയും ഗണ്യമായി വര്‍ധിപ്പിക്കുകയും പ്രാദേശികമായും അന്തര്‍ദ്ദേശീയമായും മത്സരശേഷി വര്‍ധിപ്പിക്കുകയും ചെയ്യുന്നതാണ് പുതിയ നീക്കം. നിശ്ചിത ഫീസ് ഏര്‍പ്പെടുത്തുന്നത് സുതാര്യത വര്‍ധിപ്പിക്കുകയും നിക്ഷേപകര്‍ക്ക് ഭാരം കുറയ്ക്കുകയും ചെയ്യും. സ്വകാര്യ മേഖലയ്ക്ക്, പ്രത്യേകിച്ച് മൈക്രോ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്ക് കൂടുതല്‍ അഭിവൃദ്ധി പ്രാപിക്കാനുള്ള അന്തരീക്ഷം സൃഷ്ടിക്കാനുള്ള സര്‍ക്കാരിന്റെ നടപടികളുടെ ഭാഗമാണിത്.