TOP NEWS| പ്രതിസന്ധികള്‍ക്ക് ഇടയിലും അഭയാര്‍ത്ഥികള്‍ക്ക് അഭയമൊരുക്കി മധ്യപൂര്‍വ്വേഷ്യയിലെ ക്രിസ്ത്യന്‍ സഭകള്‍

0

ബെയ്റൂട്ട്: സ്വന്തം രാജ്യങ്ങളില്‍ നേരിടുന്ന പ്രതിസന്ധികള്‍ക്കിടയിലും ജോര്‍ദ്ദാനിലേയും ലെബനോനിലേയും ക്രിസ്ത്യന്‍ സഭകള്‍ അഭയാര്‍ത്ഥികളുടെ ആശ്രയകേന്ദ്രങ്ങളായി മാറുന്നു. അഭയാര്‍ത്ഥികളെ സ്വീകരിക്കുന്ന കാര്യത്തില്‍ വിവിധ ക്രൈസ്തവ സഭകള്‍ സജീവമായി രംഗത്തുണ്ട്. ഭക്ഷണവും വാസസ്ഥലവും ക്രമീകരിച്ചുക്കൊണ്ട് അനേകര്‍ക്കാണ് ക്രിസ്തീയ സമൂഹം വലിയ സഹായമായി മാറുന്നത്. തങ്ങളുടെ ദേവാലയങ്ങള്‍ എല്ലാ വിഭാഗത്തിലുള്ള അഭയാർത്ഥികളേയും സ്വാഗതം ചെയ്യുന്നതിനായി വാതിലുകള്‍ തുറന്നിട്ടിരിക്കുകയാണെന്ന്‍ ജോര്‍ദ്ദാന്‍ ഇവാഞ്ചലിക്കല്‍ കൗണ്‍സില്‍ പ്രസിഡന്റ് ഡേവിഡ് റിഹാനി പ്രസ്താവിച്ചു.

അവര്‍ക്ക് വേണ്ട സൗകര്യങ്ങളും ഭക്ഷണം, വസ്ത്രം, പാർപ്പിടം തുടങ്ങിയവ നല്‍കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാവപ്പെട്ട അഭയാർത്ഥി കുടുംബങ്ങൾക്കും, ഇറാഖിൽ നിന്നും സിറിയയിൽ നിന്നും വരുന്ന കുട്ടികളുള്ള വിധവകള്‍ക്കും ജോര്‍ദ്ദാനിലെ ഇവാഞ്ചലിക്കൽ ക്രിസ്ത്യാനികൾ തങ്ങളുടെ വീടുകളില്‍ അഭയം നല്‍കിവരികയാണ്. പലായനം ചെയ്യുന്ന മതന്യൂനപക്ഷങ്ങൾ, പ്രത്യേകിച്ച് ക്രൈസ്തവര്‍ അതിർത്തികളുടെ ഇരുവശങ്ങളിലും മനുഷ്യക്കടത്തിനും ദുരുപയോഗത്തിനും വിധേയരാകുമെന്ന ഭയത്തോടെയാണ് ജീവിക്കുന്നതെന്നും അവരുടെ സുരക്ഷയ്ക്കായി തങ്ങള്‍ പ്രാർത്ഥിക്കുന്നുവെന്നും റിഹാനി പറഞ്ഞു.

താലിബാന്‍ തീവ്രവാദികളുടെ നിയന്ത്രണത്തിലായ അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള ക്രിസ്ത്യന്‍ അഭയാര്‍ത്ഥികള്‍ തങ്ങളുടെ രാഷ്ട്രത്തിന്റെ അതിര്‍ത്തിയില്‍ എത്തുമ്പോള്‍ തുടങ്ങി തങ്ങളുടെ സേവനങ്ങള്‍ അവര്‍ക്ക് ലഭിക്കുന്നുണ്ട്. രാജ്യത്തു കുടുങ്ങിക്കിടക്കുന്ന നിരവധി കുടുംബങ്ങളുമായി തങ്ങള്‍ ബന്ധപ്പെട്ടു വരികയാണ്. എഴുപതോളം കുടുംബങ്ങളിലായി സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 400 പേര്‍ അവിടെ കുടുങ്ങിക്കിടക്കുന്ന വിവരം തങ്ങള്‍ക്കറിയാമെന്നും കൂട്ടിച്ചേര്‍ത്തു. ഏതാണ്ട് 7,50,000-ത്തിലധികം അഭയാര്‍ത്ഥികള്‍ ജോര്‍ദ്ദാനില്‍ മാത്രം അഭയം തേടിയിട്ടുണ്ടെന്നാണ് യു.എന്‍ റെഫ്യൂജി ഏജന്‍സിയുടെ (യു.എന്‍.എച്ച്.സി.ആര്‍) കണക്കുകളില്‍ പറയുന്നത്.

You might also like