ദത്ത് വിവാദം; ശിശുക്ഷേമ സമിതിക്ക് വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കും- ആരോഗ്യമന്ത്രി
തിരുവനന്തപുരം: കുഞ്ഞിനെ ദത്ത് നല്‍കിയ സംഭവത്തില്‍ സംസ്ഥാന ശിശുക്ഷേമ സമിതിക്ക് വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കുമെന്ന് ശിശുക്ഷേമ മന്ത്രി വീണ ജോര്‍ജ്.
കേസിൽ കൃത്യമായ അന്വേഷണം നടക്കുന്നുണ്ട്. പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ റിപ്പോര്‍ട്ട് ഒരാഴ്ചക്കുള്ളില്‍ ലഭിക്കും.
വീഴ്ച വന്നിട്ടുണ്ടോ നടപടി വേണമോ എന്നത് ഉള്‍പ്പെടെ റിപ്പോര്‍ട്ട് ലഭിച്ച ശേഷം തീരുമാനിക്കുമെന്നും മന്ത്രി വീണ ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം സംഭവത്തിൽ വീണ്ടും കത്ത് നൽകി വനിതാ കമ്മിഷൻ. പൊലീസ്, ശിശുക്ഷേമ സമിതി, വനിതാ ശിശു വികസന വകുപ്പ് എന്നിവർക്കാണ് കത്ത് നൽകിയത്. ഇതിനിടെ പരാതിക്കാരിയായ അനുപമയുടെ വിദ്യാഭ്യാസ, തിരിച്ചറിയൽ രേഖകൾ ഹാജരാക്കാൻ വനിതാ കമ്മിഷൻ എതിര്‍കക്ഷികള്‍ക്ക് നിർദേശം നല്‍കി. ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിക്ക് മുമ്പായി രേഖകൾ കമ്മിഷൻ ആസ്ഥാനത്ത് ഹാജരാക്കണമെന്നാണ് എതിർകക്ഷിയായ അനുപമയുടെ അച്ഛൻ ജയചന്ദ്രന് നൽകിയിരിക്കുന്ന നിർദേശം.