ചാൻസിലറായി തുടരാൻ ആഗ്രഹിക്കുന്നില്ല; സ്ഥാനം മുഖ്യമന്ത്രി ഏറ്റെടുക്കണം: ഗവർണർ
സംസ്ഥാനത്തെ സർവകലാശാലകളുടെ ചാൻസിലറായി തുടരാൻ ആഗ്രഹിക്കുന്നില്ലെന്നും സ്ഥാനം മുഖ്യമന്ത്രി ഏറ്റെടുത്തോട്ടെയെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. രാജ്യത്തിലെല്ലായിടത്തും സർക്കാർ തന്നെയാണ് ചാൻസലേഴ്‌സിനെ നിയമിക്കുന്നത്. എന്നാൽ സർക്കാർ യൂണിവേഴ്‌സിറ്റിയുടെ കാര്യങ്ങളിൽ ഇങ്ങനെ ഇടപെടാറില്ലെന്നും സർക്കാറിന്റെ രാഷ്ട്രീയ ഇടപെടലുകൾ അതിരുകടക്കുന്നുവെന്നും അദ്ദേഹം വിമർശിച്ചു. ഡൽഹിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവേയാണ് ഗവർണറുടെ വിമർശനം. എട്ടാം തീയതി ചാൻസ്‌ലർ പദവിയിൽ നിന്നും തന്നെ മാറ്റണമെന്നാവശ്യപ്പെട്ട് ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു. പകരം മുഖ്യമന്ത്രി ചാൻസ്‌ലർ പദവി ഏറ്റെടുക്കണമെന്നും അതിനായി നിയമനിർമാണം നടത്തണമെന്നും അതിൽ താൻ ഒപ്പിടാമെന്നും അദ്ദേഹം പറഞ്ഞിരുന്നു. അന്ന് കത്തിൽ വ്യക്തമാക്കിയ കാര്യങ്ങൾ തന്നെയാണ് ഗവർണർ മാധ്യമങ്ങൾക്ക് മുമ്പിലും ആവർത്തിച്ചിരിക്കുന്നത്.