പൊതിച്ചോറിലെ ‘കോടി’ വിലയുള്ള നൂറു രൂപയ്ക്കു പിന്നില്‍ മേരി സെബാസ്റ്റ്യന്‍
പള്ളുരുത്തി: ചെല്ലാനത്തെ ദുരിതബാധിതര്‍ക്കു പൊതിച്ചോറില്‍ നൂറു രൂപ നോട്ടു ഭദ്രമായിവെച്ച ആ കാരുണ്യമുഖം ആരാണെന്ന് അറിയാനുള്ള തന്ത്രപ്പാടിലായിരിന്നു സോഷ്യല്‍ മീഡിയ. ഒടുവില്‍ അതിനു മറുപടി ലഭിച്ചിരിക്കുകയാണ്. കുമ്പളങ്ങി കോയബസാറിനു സമീപത്തെ കാറ്ററിംഗ് തൊഴിലാളിയായ വേലംപറമ്പില്‍ മേരിയാണ് ആ കാരുണ്യഹസ്തത്തിന് പിന്നില്‍. മേരിക്കു ലോക്ക് ഡൗണിനെത്തുടര്‍ന്നു ജോലി നഷ്ടപ്പെട്ടപ്പോള്‍ തൊഴിലുറപ്പ് ജോലിയില്‍നിന്നു ലഭിച്ച 200 രൂപയില്‍ നൂറു രൂപയാണ് പൊതിച്ചോറില്‍ വച്ചു നല്‍കിയത്.
നേരത്തെ കടല്‍ക്ഷോഭവും ട്രിപ്പിള്‍ ലോക്ക്ഡൗണും മൂലം ദുരിതത്തിലായ ചെല്ലാനം നിവാസികള്‍ക്കു പോലീസും സന്നദ്ധ പ്രവര്‍ത്തകരും ചേര്‍ന്നാണു കുമ്പളങ്ങിയില്‍നിന്നു പൊതിച്ചോറുകള്‍ ശേഖരിച്ചത്. ഒരു ചെറിയ സന്തോഷത്തിനുള്ള വക പൊതിച്ചോറില്‍ കരുതി വച്ചിട്ടുണ്ടെന്നു വാര്‍ഡ് മെമ്പര്‍ എം.പി. രത്തനു ഭക്ഷണപ്പൊതി കൈമാറുന്‌പോള്‍ മേരി പറഞ്ഞിരുന്നു. പക്ഷേ അതെന്താണെന്നു വെളിപ്പെടുത്തിയിരുന്നില്ല. ഭക്ഷണപ്പൊതികളിലൊന്ന് തുറന്ന പോലീസുകാരിൽ ഒരാളാണ് നൂറു രൂപ കണ്ടതും വിവരം സിഐ പി.എസ്. ഷിജുവിനെ അറിയിച്ചതും.
ഇത് അദ്ദേഹം ‘കോടി രൂപ മൂല്യമുള്ള 100 രൂപ നോട്ട്’ എന്ന ആമുഖത്തോടെ ഫേസ്ബുക്കില്‍ പങ്കുവെയ്ക്കുകയായിരിന്നു. ‘ഒരു പഴം കൊടുത്താൽ പോലും സമൂഹ മാധ്യമങ്ങളിൽ പോസ്റ്റിടുന്ന ഇക്കാലത്ത് വാങ്ങുന്നവന്റെ ആത്മാഭിമാനത്തെ മുറിവേൽപ്പിക്കാതെ പൊതിച്ചോറിൽ 100 രൂപ കരുതിയ മനസിനു മുന്നിൽ നമിക്കുന്നു’ എന്നായിരുന്നു പോസ്റ്റ്. ഇത് വൈറലായി. ഇതോടെയാണ് ‘കോടി’ മൂല്യമുള്ള ആ നൂറു രൂപ പൊതിച്ചോറില്‍വെച്ചത് ആര് എന്ന ചോദ്യം ഉയര്‍ന്നത്. ഇത് മുഖ്യധാര മാധ്യമങ്ങളിലും വലിയ വാര്‍ത്തയായി.
ഇതിന്റെ ചിത്ര സഹിതം മകൻ സെബിൻ ‘അമ്മയുടെ മകനായതില്‍ അഭിമാനിക്കുന്നു’ എന്നു ഫേസ്ബുക്കിലെഴുതിയതോടെ ഇത് മേരി സെബാസ്റ്റ്യന്‍ തന്നെയാണെന്ന്‍ ഉറപ്പിക്കുകയായിരിന്നു. “ഇത് ആരെയും അറിയിക്കാതെ വേണമെന്നു കരുതിയെങ്കിലും ഇപ്പോ എല്ലാവരും അറിഞ്ഞു. സിഐ സാറ് വന്നു സമ്മാനം നൽകി. സംഗതി വാർത്തയായതോടെ ഒരുപാട് പേർ വിളിച്ചു”. മേരി വെളിപ്പെടുത്തി.
“തണുപ്പുകാലമായാൽ ഞാൻ ഇടയ്ക്ക് ഓരോ ചായ കുടിക്കും. കുമ്പളങ്ങിയിൽ ദുരിതത്തിലുള്ള ഒരാൾക്കെങ്കിലും ചായകുടിക്കാൻ സഹായകമാകുമല്ലോ, ചോറ് പൊതി കെട്ടിക്കഴിഞ്ഞപ്പോൾ മോനോടു പറഞ്ഞു ഒരു കപ്പലണ്ടി വാങ്ങാൻ. അതിലെ കപ്പലണ്ടി എടുത്ത ശേഷം നൂറു രൂപ വച്ച് സെല്ലോടേപ്പ് ഒട്ടിച്ചാണ് ചോറിനൊപ്പം വച്ചത്. അല്ലെങ്കിൽ നനവ് പടർന്നാലോ? കഴിഞ്ഞ തവണ അടുക്കളയിലും മുറികളിലും വെള്ളം കയറി, കോലായിൽ മാത്രം വെള്ളം കയറിയില്ല. കടൽ കയറി നിൽക്കുമ്പോൾ ഞങ്ങളെല്ലാം ഇത് അനുഭവിക്കുന്നതാണ്. ചെല്ലാനത്ത് രോഗം കൂടി ഉള്ളതിനാൽ അവർ ഒരുപാട് കഷ്ടപ്പെടുന്നുണ്ടാകും. പിന്നെ ഞങ്ങൾ കുമ്പളങ്ങിക്കാർ ഉള്ളതിൽ ഒരു പങ്ക് വരുന്നവർക്കും കൊടുക്കും. അത് ഭക്ഷണമായാലും.”– മേരിയുടെ വാക്കുകളില്‍ നിറഞ്ഞ സന്തോഷം. സോഷ്യല്‍ മീഡിയയുടെ മനം കവര്‍ന്ന ഈ വീട്ടമ്മയ്ക്ക് അഭിനന്ദന പ്രവാഹം തുടരുകയാണ്.