യുക്രെയ്‌നുമായുള്ള സംഘർഷം പരിഹരിക്കാൻ തയ്യാറാണെന്ന് റഷ്യൻ പ്രസിഡന്റ് വ്‌ളാദ്മിർ പുടിൻ
യുക്രെയ്‌നുമായുള്ള സംഘർഷം പരിഹരിക്കാൻ തയ്യാറാണെന്ന് റഷ്യൻ പ്രസിഡന്റ് വ്‌ളാദ്മിർ പുടിൻ. റഷ്യയുടെ ആവശ്യങ്ങൾ പാശ്ചാത്യ രാജ്യങ്ങൾ ശ്രദ്ധിക്കണമെന്നും പുടിൻ വ്യക്തമാക്കി. യുക്രൈൻ അതിർത്തിയിൽ നിന്ന് റഷ്യൻ സേനയും ഭാഗികമായി പിന്മാറി. യുക്രെയ്ൻ-റഷ്യ സംഘർഷത്തിൽ ജർമനിയുടെ സമവായനീക്കങ്ങൾ പുരോഗമിക്കുകയാണ്. റഷ്യൻ പ്രസിഡന്റ് വ്‌ളാദ്മിർ പുടിനുമായി ജർമ്മൻ ചാൻസലർ ഒലാഫ് ഷോൾസ് മോസ്‌കോയിൽ കൂടിക്കാഴ്ച നടത്തി. യുദ്ധമില്ലാതെ പ്രശ്‌നങ്ങൾ പരിഹരിക്കാമെന്ന റഷ്യൻ നിലപാടിനെ ഷോൾസ് പിന്തുണച്ചു. നയതന്ത്ര സാധ്യതകൾ നിലനിൽക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. യുക്രൈൻ അടക്കമുള്ള കിഴക്കൻ യൂറോപിലെ രാജ്യങ്ങളെ നാറ്റോ സൈനിക സഖ്യത്തിൽ ചേർക്കുമെന്ന പ്രഖ്യാപനത്തിൽ നിന്ന് അമേരിക്ക ഉടൻ പിൻവാങ്ങണമെന്ന് റഷ്യൻ പ്രസിഡന്റ് അറിയിച്ചു.