
അഞ്ച് നഗരങ്ങളിലേക്കുള്ള വിമാന സർവീസുകൾ നിർത്തിവെച്ചതായി സൗദി എയർലൈൻസ്
റിയാദ്: മേഖലയിലെ നിലവിലെ സംഘർഷ സാഹചര്യങ്ങളും വ്യോമാതിർത്തി അടച്ചതും പരിഗണിച്ച് അഞ്ച് നഗരങ്ങളിലേക്കുള്ള വിമാന സർവീസുകൾ നിർത്തിവെച്ചതായി സൗദി എയർലൈൻസ് അറിയിച്ചു. ബഹ്റൈൻ , കുവൈത്ത്, അബൂദബി, ദോഹ, അമ്മാൻ എന്നിവിടങ്ങളിലേക്കുള്ള സർവീസുകളാണ് മാർച്ച് 10 ചൊവ്വാഴ്ച രാത്രി 11:59 വരെ നിലവിൽ നിർത്തിവെച്ചത്. എന്നാൽ ദുബൈയിലേക്കുള്ള സർവീസുകൾ പരിമിതമായ തോതിൽ പുനരാരംഭിച്ചിട്ടുണ്ട്. അതേസമയം, മോസ്‌കോ, പെഷാവർ എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങൾ റദ്ദാക്കുന്നത് മാർച്ച് 15 ഞായറാഴ്ച വരെ നീട്ടിയിട്ടുണ്ട്. യാത്രക്കാരുടെ സുരക്ഷയ്ക്ക് മുൻഗണന നൽകിക്കൊണ്ടാണ് ഈ തീരുമാനമെന്ന് എയർലൈൻ അധികൃതർ വ്യക്തമാക്കി.
