യുക്രൈനെ റഷ്യ ഉടൻ ആക്രമിക്കുമെന്ന് ബൈഡൻ; പക്ഷം പിടിക്കാതെ ഇന്ത്യ
വാഷിങ്ടൺ: യുക്രൈനെ ആക്രമിക്കാൻ റഷ്യ തീരുമാനമെടുത്തെന്ന് അമേരിക്ക. ആക്രമണം ഉടൻ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. ആക്രമണം ന്യായീകരിക്കാൻ റഷ്യ കള്ളക്കഥകൾ പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. റഷ്യൻ സേനയുടെ തന്ത്ര പ്രധാന സൈനിക അഭ്യാസം പ്രസിഡന്‍റ് വ്ലാദിമിർ പുടിൻ ഇന്ന് നേരിട്ട് വീക്ഷിക്കും. ബാലിസ്റ്റിക്, ക്രൂയിസ് മിസൈലുകളും ആണവായുധങ്ങളും എത്രത്തോളം സജ്ജമാണെന്ന പരിശോധനയാകും നടക്കുക. പതിവ് പരിശോധന മാത്രമാണെന്നും യുക്രൈൻ സംഘർഷവുമായി ബന്ധമില്ലെന്നുമാണ് ഔദ്യോഗിക വിശദീകരണം. ഇതിനിടെ കിഴക്കൻ യുക്രൈനിൽ നിന്ന് ആളുകളെ റഷ്യയിലേക്ക് ഒഴിപ്പിക്കുമെന്ന് വിമത നേതാക്കൾ പ്രഖ്യാപിച്ചു. രണ്ടു ബസുകളിലായി ആളുകൾ പോകുന്ന ദൃശ്യങ്ങൾ വിമതർ പുറത്ത് വിട്ടെങ്കിലും ഇത് ഒഴിപ്പിക്കലാണെന്ന് സ്ഥിരീകരിക്കാനായിട്ടില്ല.