കൊവിഡിനൊപ്പം ജീവിക്കണം; ബ്രിട്ടനില്‍ ഇനി കൊവിഡ് ബാധിതര്‍ക്ക് സമ്പര്‍ക്ക വിലക്കില്ല
കൊവിഡ് ബാധിതരായവര്‍ പത്ത് ദിവസം സമ്പര്‍ക്ക നിയന്ത്രണത്തില്‍ കഴിയണമെന്ന മാനദണ്ഡം ഉപേക്ഷിക്കാന്‍ ബ്രിട്ടന്‍ തയ്യാറാവുന്നു. മഹാമാരിക്കൊപ്പം ജീവിക്കുക എന്ന നയത്തിന്റെ ഭാഗമായാണ് പുതിയ തീരുമാനം. ഈ ആഴ്ചയോടെ ഇക്കാര്യത്തില്‍ തീരുമാനം ഉണ്ടാകുമെന്നും സൂചനയുണ്ട്. കൊവിഡിന്റെ വ്യാപനം തടയാന്‍ ലക്ഷ്യമിട്ട് കൊണ്ടുവന്ന നിയന്ത്രണങ്ങള്‍ ജനങ്ങളുടെ സ്വാതന്ത്ര്യത്തെ ഹനിക്കാതിരിക്കാനാണ് പുതിയ തീരുമാനത്തിലേയ്ക്ക് എത്തുന്നതെന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ അറിയിച്ചു. കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് കൊവിഡിനെ എങ്ങനെ നേരിടണമെന്ന് നാം പഠിച്ചുകഴിഞ്ഞു. വൈറസ് ഈ ലോകത്തുനിന്നും ഉടനെ അപ്രത്യക്ഷമാവില്ല. അതിനാല്‍ വൈറസിനൊപ്പം എങ്ങനെ ജീവിക്കണമെന്ന് നാം മനസ്സിലാക്കണമെന്നും ബോറിസ് ജോണ്‍സണ്‍ കൂട്ടി ചേര്‍ത്തു.