ഇന്ത്യയെ ലോകോത്തര ഇലക്ട്രോണിക് കേന്ദ്രമാക്കാൻ റിലയൻസും സാൻമിന കോർപറേഷനും കരാറൊപ്പിട്ടു
ഇന്ത്യയെ ലോകോത്തര ഇലക്ട്രോണിക് കേന്ദ്രമാക്കാൻ റിലയൻസും സാൻമിന കോർപറേഷനും ഒന്നിക്കുന്നു. കമ്മ്യൂണിക്കേഷൻസ് നെറ്റ്‌വർക്കിങ്, പ്രതിരോധം, എയ്‌റോസ്‌പേസ് എന്നിവയുൾപ്പെടെ വിവിധ മേഖലകളിലെ ഹൈടെക് ഇൻഫ്രാസ്ട്രക്ചർ ഹാർഡ്‌വെയറിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു ഇലക്ട്രോണിക് നിർമാണ സംയുക്ത സംരംഭം ഇന്ത്യയിൽ സ്ഥാപിക്കുമെന്ന് റിലയൻസും സാൻമിന കോർപ്പറേഷനും പ്രഖ്യാപിച്ചു. സംയുക്ത സംരംഭത്തിൽ റിലയൻസ് സ്ട്രാറ്റജിക് ബിസിനസ് വെഞ്ച്വേഴ്‌സ് ലിമിറ്റഡിന് (ആർഎസ്ബിവിഎൽ) 50.1 ശതമാനം ഇക്വിറ്റി ഓഹരിയും സാൻമിനയ്ക്ക് 49.9 ശതമാനം ഓഹരി വീതം ഉണ്ടാകും. റിലയൻസ് സാൻമിനയുടെ നിലവിലുള്ള ഇന്ത്യൻ സ്ഥാപനമായ സാൻമിന എസ്‌സിഐ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിൽ 1670 കോടി രൂപ നിക്ഷേപിച്ചാണ് 50.1 ശതമാനം ഓഹരികൾ ഏറ്റുവാങ്ങുന്നത്. റെഗുലേറ്ററി അംഗീകാരങ്ങൾക്ക് വിധേയമായ ഇടപാട് 2022 സെപ്റ്റംബറിൽ അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഈ പങ്കാളിത്തം സാൻമിനയുടെ 40 വർഷത്തെ നൂതന ഉൽപാദന പരിചയവും റിലയൻസിന്റെ വൈദഗ്ധ്യവും ഇന്ത്യൻ ബിസിനസ് ഇക്കോസിസ്റ്റത്തിലെ നേതൃത്വവും പ്രയോജനപ്പെടുത്തും.