റഷ്യക്കെതിരായ യുഎന്‍ പ്രമേയം : അനുകൂലിച്ചത് 141 രാജ്യങ്ങള്‍, എതിര്‍ത്തത് അഞ്ച്, വിട്ടുനിന്നത് ഇന്ത്യ ഉള്‍പ്പടെ 35 രാജ്യങ്ങള്‍
റഷ്യ യുക്രൈനില്‍ അധിനിവേശം നടത്തുന്നതിനെതിരായ പ്രമേയം യുഎന്‍ പൊതുസഭയില്‍ അവതരിപ്പിച്ചപ്പോള്‍ പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തത് 141 രാജ്യങ്ങള്‍. അഞ്ച് രാജ്യങ്ങളാണ് എതിര്‍ത്തത്. റഷ്യയ്ക്ക് പുറമേ, ബെലാറുസ്, സിറിയ, ഉത്തര കൊറിയ, എറിത്രിയ എന്നീ നാല് രാജ്യങ്ങളാണ് പ്രമേയത്തെ എതിര്‍ത്തത്. വോട്ടെടുപ്പില്‍ നിന്ന് ഇന്ത്യ ഉള്‍പ്പടെ 35 രാജ്യങ്ങള്‍ വിട്ടുനിന്നു. യുക്രൈന്‍ വിഷയത്തില്‍ യുഎന്നിലെ വോട്ടെടുപ്പില്‍ നിന്ന് നാലാം തവണയാണ് ഇന്ത്യ മാറിനില്‍ക്കുന്നത്. യുക്രൈനിലെ അതിവേഗം വഷളായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യ വളരെയധികം ആശങ്കാകുലരാണെന്ന് യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ടി.എസ് തിരുമൂര്‍ത്തി പറഞ്ഞു. ”അന്താരാഷ്ട്ര സമൂഹത്തിന്റെ വെടിനിര്‍ത്തലിനുള്ള ആഹ്വാനത്തെ ഇന്ത്യയും പിന്തുണയ്ക്കുന്നു. നയതന്ത്രത്തിലൂടെയും ചര്‍ച്ചയിലൂടെയും മാത്രമേ പ്രശ്നങ്ങള്‍ പരിഹരിക്കാനാകൂ എന്ന നയത്തില്‍ ഉറച്ചുനില്‍ക്കുന്നു. യുക്രൈനും റഷ്യയും തമ്മിലുള്ള രണ്ടാം ഘട്ട ചര്‍ച്ചകളില്‍ പരിഹാരമുണ്ടാകുമെന്നാണ് പ്രതീക്ഷ. മെഡിക്കല്‍ ഉപകരണങ്ങളും മരുന്നുകളും ഉള്‍പ്പടെ ഇന്ത്യ ഇതിനകംതന്നെ യുക്രൈനിലേക്ക് മാനുഷിക സഹായം അയച്ചിട്ടുണ്ട്.” തിരുമൂര്‍ത്തി വ്യക്തമാക്കി.