
തേനി ജയിലില്‍ നിന്നും തടവുചാടിയ മുഴുവന്‍ പ്രതികളും പിടിയിലായി
ചെന്നൈ: തമിഴ്‌നാട് തേനി ജയിലില്‍ നിന്നും തടവുചാടിയ മുഴുവന്‍ പ്രതികളും പിടിയിലായി. ഒളിവിലായിരുന്ന രണ്ട് പ്രതികളെ ചിന്നമണ്ണൂരില്‍ നിന്നും ഉത്തംപാളയത്തിലേക്കുള്ള വഴിയില്‍ വച്ചാണ് പൊലീസ് പിടികൂടിയത്. പൊലീസ് സ്റ്റേഷനില്‍ ഹാജരാകാനായി വരവേയാണ് പ്രതികള്‍ പിടിയിലായത്. തിരുപ്പതി, മീനാക്ഷി സുന്ദരം എന്നിവരാണ് ഏറ്റവും ഒടുവില്‍ പൊലീസില്‍ കീഴടങ്ങാന്‍ വരുന്നതിനിടെ പിടിയിലായത്. വനമേഖലയില്‍ കഴിയുന്നതിനുള്ള പരിമിതി മൂലമാണ് ഇവര്‍ കീഴടങ്ങാന്‍ തീരുമാനിച്ചതെന്നാണ് വിവരം. ഇന്ന് ഉച്ചയ്ക്ക് മറ്റ് രണ്ട് പേര്‍ പിടിയിലായിരുന്നു.
കഴിഞ്ഞ ദിവസം രാത്രിയോടെ പൊലീസ് നടത്തിയ ഡ്രോണ്‍ നിരീക്ഷണത്തില്‍ എട്ടു പേരും രാവിലെ നടത്തിയ അന്വേഷണത്തില്‍ അഞ്ച് പേരും പിടിയിലായിരുന്നു. ഇവരെ വിശദമായി ചോദ്യം ചെയ്യുമെന്നാണ് പൊലീസ് നല്‍കുന്ന വിവരം. തേനി ജയില്‍ച്ചാട്ടം വലിയ രാഷ്ട്രീയ വിവാദമായിരിക്കുന്ന സാഹചര്യത്തിലാണ് പൊലീസ് മുഴുവന്‍ പ്രതികളെയും പിടികൂടിയിരിക്കുന്നത്.
