
പത്തനംതിട്ടയിലെ പഴകുളത്ത് കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമം നടന്നുവെന്ന പരാതിക്ക് പിന്നാലെ കൊല്ലത്തും സമാന പരാതി
കൊല്ലം: പത്തനംതിട്ടയിലെ പഴകുളത്ത് കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമം നടന്നുവെന്ന പരാതിക്ക് പിന്നാലെ കൊല്ലത്തും സമാന പരാതി. പത്തനാപുരം പട്ടാഴി ഇരുപ്പാക്കുഴിയിൽ നിന്ന് കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം നടന്നുവെന്നാണ് പരാതി. ഈ മാസം 26നാണ് പരാതിക്ക് ആസ്പദമായ സംഭവം നടന്നതായി പറയുന്നത്. വീടിന് മുന്നിൽ ട്യൂഷന് പോകാനായി നിന്ന ആൺകുട്ടിക്ക് സമീപം വെള്ള നിറത്തിലുള്ള കാർ വന്നുനിന്നുവെന്നും കാറിലുണ്ടായിരുന്നവർ കുട്ടിയോട് വാഹനത്തിൽ കയറാൻ ആവശ്യപ്പെട്ടുമെന്നുമാണ് പറയുന്നത്. കുട്ടിയെ ട്യൂഷന് കൊണ്ടുപോകാൻ എത്തിയ സ്‌ത്രീയെ കണ്ടതോടെ കാറിലുണ്ടായിരുന്നവർ കടന്നുകളഞ്ഞു. ഒരു സ്‌ത്രീ ഉൾപ്പടെ നാലുപേരാണ് കാറിൽ ഉണ്ടായിരുന്നതെന്നാണ് പരാതിയിൽ പറയുന്നത്.
വൈകുന്നേരം അഞ്ചുമണിയോടെ ട്യൂഷന് പോകാൻ വേണ്ടി ഒന്നാം ക്ലാസുകാരനായ മകനെ റോഡിലേക്ക് വിട്ടു. മകനൊപ്പം ട്യൂഷൻ പഠിക്കുന്ന അടുത്ത വീട്ടിലെ കുട്ടിയുടെ അമ്മയാണ് ഇരുവരെയും ട്യൂഷൻ സെൻ്ററിൽ വിടുന്നത്. കൂട്ടുകാരൻ്റെ അമ്മ എത്താൻ മൂന്നു മിനിറ്റോളം വൈകിയിരുന്നു. ഇതിനിടെ, ഇരുപ്പാക്കുഴി ജംഗ്ഷനിൽ നിന്ന് ഒരു വെള്ള കാർ എത്തുകയും വാഹനം നിർത്തി മകനോട് കയറാൻ ആവശ്യപ്പെടുകയും ചെയ്തു. ഒരു സ്ത്രീയും ഡ്രൈവർക്ക് പുറമെ പുറകിൽ മുടി നീട്ടി വളർത്തിയ ആളുമടക്കം നാല് പേരാണ് കാറിലുണ്ടായിരുന്നതെന്ന് കുട്ടിയുടെ രക്ഷിതാവ് പറഞ്ഞു.
